Saturday, January 10, 2026

യൂണിവേഴ്‌സിറ്റി കോളജ്‌വിഷയം: സ്വതന്ത്ര ജനകീയ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചു

യൂ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ മാനസികപീഡനങ്ങളെ തുടര്‍ന്നു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവവും സമാനമായ പരാതികളും അന്വേഷിക്കാന്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസറ്റിസ് പി.കെ. ഷംസുദീന്‍ അധ്യക്ഷനായി സ്വതന്ത്ര ജനകീയ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചതായി സേവ് യൂണിവേഴ്‌സിറ്റി കോളജ് ക്യാംപയിന്‍ കമ്മിറ്റി അറിയിച്ചു.

മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ അംഗവും യൂണിവേഴ്‌സിറ്റി കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രഫ.എസ്.വര്‍ഗീസ്, കേരള സര്‍വകലാശാല ബയോ ടെക്‌നോളജി വിഭാഗം മുന്‍ മേധാവി ഡോ.വി.തങ്കമണി, ബാലാവകാശ കമ്മിഷന്‍ മുന്‍ അംഗം ജെ.സന്ധ്യ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍.

യൂണിവേഴ്‌സിറ്റി കോളജില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന പരാതികളെക്കുറിച്ചു സ്വതന്ത്ര അന്വേഷണത്തിനു സംസ്ഥാന സര്‍ക്കാരോ സര്‍വകലാശാലയോടെ തയ്യാറായിട്ടില്ലെന്നും സര്‍വകലാശാലയും കോളജ് വിദ്യാഭ്യാസ വകുപ്പും നടത്തിയ അന്വേഷണങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിഞ്ഞിട്ടില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട് 2 മാസത്തിനകം സര്‍ക്കാരിനും ഹൈക്കോടതിക്കും സമര്‍പ്പിക്കും. കമ്മിറ്റി വിദ്യാര്‍ഥികളില്‍നിന്നു നേരിട്ടും ഇമെയിലായും പരാതികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി എം.ഷാജര്‍ഖാന്‍ അറിയിച്ചു.
enquirycommissionunicollege@gmail.com

Related Articles

Latest Articles