പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ തകർത്ത് അജ്ഞാതർ. തിങ്കളാഴ്ച പുലർച്ചെ ക്വറ്റ നഗരത്തിന് പുറത്തായി നടന്ന സ്ഫോടനത്തിൽ 18 ഇഞ്ച് വ്യാസമുള്ള പ്രധാന പൈപ്പ്‌ലൈനാണ് തകർന്നതെന്ന് സുയി സതേൺ ഗ്യാസ് കമ്പനി വക്താവ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്‌ഗാനിസ്ഥാനിലെയും ഇറാനുമായും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലും സമീപത്തെ മറ്റ് അഞ്ച് ജില്ലകളിലും സ്ഫോടനത്തെത്തുടർന്ന് ഇന്ധനവിതരണം പൂർണ്ണമായും നിലച്ചു. ധാതു സമ്പന്നമായ ഈ മേഖലയിലെ വിഭവങ്ങൾ പാക് സർക്കാർ ചൂഷണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ആരോപിച്ച് ബലൂച് വിമോചന പോരാളികൾ ദീർഘകാലമായി ഇവിടെ സായുധ പോരാട്ടം നടത്തിവരുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങളെയും സൈനിക സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ മേഖലയിൽ പതിവാണ്.
പൈപ്പ്‌ലൈൻ തകർന്നതോടെ ലക്ഷക്കണക്കിന് ആളുകളാണ് പാചകവാതകവും മറ്റ് ഇന്ധനസൗകര്യങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടിലായത്. തകരാറിലായ പൈപ്പ്‌ലൈൻ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

