ന്യൂയോർക്ക്: കഴിഞ്ഞ നവംബർ 19 മുതൽ അമേരിക്കയുടെ ആകാശത്ത് ആശങ്ക വിതച്ച് പറക്കും തളികകൾ. സൂര്യനസ്തമിക്കുന്നതോടെ അമേരിക്കയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ മുകളിൽ വട്ടമിട്ട് പറക്കുന്ന ഇവ നേരം വെളുക്കുന്നതോടെ അപ്രത്യക്ഷമാകും.ഇതിനോടകം അമേരിക്കയുടെ 8 കൗണ്ടികളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. തന്ത്രപ്രധാന കേന്ദ്രങ്ങളായ ഇലക്ട്രിക്ക് ട്രാൻസ്മിറ്ററുകൾ, വാർത്ത വിനിമയ സംവിധാനങ്ങൾ, പോലീസ് സ്റ്റേഷനുകൾ, സൈനിക കേന്ദ്രങ്ങൾ എന്നിവടങ്ങളിലാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗോൾഫ് ക്ലബ്ബിന് മുകളിലും ഇവ എത്തിയിരുന്നു.
നിരീക്ഷണത്തിനായി എത്തുന്ന ഡ്രോണുകളാണ് ഇവയെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച മാത്രം 49 ഡ്രോണുകളാണ് എത്തിയത്.അതേസമയം അമേരിക്കയുടെ കിഴക്കൻ തീരത്ത് ഇറാന്റെ ഒരു മദർഷിപ്പ് നങ്കൂരമിട്ടെന്നും ആ കപ്പലിൽ നിന്നുള്ള ഡ്രോണുകൾ ആണിതെന്ന് വാർത്ത പരന്നിരുന്നു. എന്നാൽ അമേരിക്കയുടെ ഉന്നത സൈനിക കേന്ദ്രങ്ങൾ ഇത് നിഷേധിക്കുകയാണ്. അമേരിക്കയുടെ ഒരു തീരത്തോടുചേർന്നും ഒരു രാജ്യത്തിന്റെയും കപ്പലുകൾ നങ്കൂരമിട്ടിട്ടില്ലെന്നും അവർ പറയുന്നു.

