Tuesday, October 6, 2026

‘മോദിയെ പോലെ തന്നെ യോഗിയും’ എന്ന് യു.പി ഉപമുഖ്യമന്ത്രി; കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാതെ പൊതുസേവനമെന്ന് ദിനേശ് ശര്‍മ

ലക്നൗ: മുഖ്യമന്ത്രിയായ ശേഷം കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ഒരു ദിവസം പോലും അവധി എടുക്കാതെ യോഗി ആദിത്യനാഥ്‌ പൊതുസേവനം ചെയ്യുന്നതെന്ന് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ. പ്രധാനമന്ത്രിയായ ശേഷം ഏഴ് വര്‍ഷത്തിനിടെ ഒരു ദിവസം പോലും അവധി എടുക്കാത്ത നരേന്ദ്ര മോദിയെപ്പോലെയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയില്‍ പ്രബുദ്ധ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് വര്‍ഷത്തെ ഭരണകാലത്ത് ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല. അദ്ദേഹത്തിന്‍റെ മുഴുവന്‍ സമയവും പൊതുസേവനത്തിനായി ചെലവഴിച്ചു. അതുപോലെ തന്നെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ഒറ്റ ദിവസം പോലും അവധി എടുത്തില്ല. അതുകൊണ്ടുതന്നെ രാജ്യവും സംസ്ഥാനവും വികസന പാതയിലേക്ക് നീങ്ങുകയാണ്. യഥാര്‍ഥ രാജ്യസ്നേഹി തനിക്കു വേണ്ടിയല്ല, സമൂഹത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരമൊരു വ്യക്തിക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയും’ എന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല ബിജെപി ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വിവേചനം കാണിക്കുന്നില്ല. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളിലൂടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ലഭിച്ചു. ബി.ജെ.പി ഹിന്ദുക്കളോടും മുസ്‍ലിങ്ങളോടും വിവേചനം കാണിക്കുന്നില്ല. ഈ സര്‍ക്കാറിന്‍റെ കാലത്ത് യു.പിയില്‍ ഒരു സ്ഥലത്തും ഹിന്ദു മുസ്‍ലിം കലാപം ഉണ്ടായിട്ടില്ല’ എന്ന് ദിനേശ് ശര്‍മ വ്യക്തമാക്കി.

Related Articles

Latest Articles