Thursday, May 16, 2024
spot_img

തെരഞ്ഞെടുപ്പ് ചൂടിലേക്ക് യുപി; നാളെ അഞ്ചാം ഘട്ട വോട്ടെടുപ്പ്

ലക്‌നൗ: തെരഞ്ഞെടുപ്പ് ചൂടിലേക്ക് യുപി(UP Elections). ഉത്തർപ്രദേശിൽ നാളെ അഞ്ചാം ഘട്ട വോട്ടെടുപ്പ്.
12 ജില്ലകളിൽ 61 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. അമേഠി, റായ്ബറേലി, അയോദ്ധ്യ, പ്രതാപ്ഗജ്, കൗശാംഭി, പ്രയാഗ്രാജ്, ബരാബങ്കി, ഗോണ്ട, ചിത്രകൂട്, സുൽത്താൻപൂർ, ശ്രാവസ്തി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് ഏറെ നിർണ്ണായകമാണ് ഈ ഘട്ടം.

2017ൽ 61 ൽ 47 മണ്ഡലങ്ങളിലും ബിജെപി ആയിരുന്നു വിജയിച്ചിരുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാദൾ മൂന്ന്, സമാജ്‌വാദി പാർട്ടി അഞ്ചും ബഹുജൻ സമാജ് വാദി പാർട്ടി മൂന്നും കോൺഗ്രസ് രണ്ട്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു സീറ്റുകൾ നേടിയത്. 2017ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി ഇവിടെ തൂത്തുവാരിയിരുന്നു. ഇത്തവണ അയോധ്യയിലുൾപ്പെടെ വലിയ നേട്ടം കൊയ്യാമെന്നും വിജയം ആവർത്തിക്കുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ.

ഇതുതന്നെയാണ് അഭിപ്രായ സർവ്വേകളിലും ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് പാർട്ടി കോട്ടയായിരുന്ന റായ്ബറേലിയും അമേഠിയും തിരിച്ച് പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതേസമയം ഫെബ്രുവരി 23 നാണ് യുപിയിൽ നാലാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഫത്തേപൂർ, ബന്ദ, പിൽഭിത്, ഹർദോയ്, ഖേരി, ലക്‌നൗ, റായ്ബറേലി, സീതാപൂർ, ഉന്നാവോ എന്നീ ഒമ്പത് ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്.

Related Articles

Latest Articles