കീവ്: റഷ്യൻ അധിനിവേശമുണ്ടായാൽ സഖ്യം ചേർന്ന് ഉക്രൈനെ പ്രതിരോധിക്കുന്നതിനായി പോളണ്ടിലെത്തി അമേരിക്കൻ സൈനികർ. റൊമേനിയ, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങളിലായാണ് അമേരിക്കൻ സൈനികർ വിന്യസിക്കപ്പെട്ടിരിക്കുന്നത്.
എന്നാൽ ഏതു നിമിഷവും സഖ്യസേന ഒരു ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. 1700 അമേരിക്കൻ പട്ടാളക്കാരാണ് ദക്ഷിണ പോളണ്ടിലെ സൈനിക വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം എത്തിച്ചേർന്നത്.
പോളണ്ടിന്റെ തെക്കു കിഴക്കൻ ഭാഗത്തായിരിക്കും ഇവർ വിന്യസിക്കപ്പെടുക. ആയുധങ്ങൾ, പടക്കോപ്പുകൾ എന്നിവയും കൂറ്റൻ ചരക്കു വിമാനങ്ങളിൽ അതിർത്തിയിലെത്തിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ മൂന്നുമാസമായി ഉക്രൈൻ-റഷ്യ അതിർത്തിയിൽ സംഘർഷം മുറുകുകയാണ്. ഉക്രൈൻ അധിനിവേശത്തിനായി ഏതാണ്ട് ഒരു ലക്ഷത്തോളം സൈനികരെയാണ് റഷ്യ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്.
മാത്രമല്ല ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോയും അടക്കം, പ്രബലരായ പലരും ഇടപെട്ടിട്ടും സൈന്യത്തെ പിൻവലിക്കാൻ റഷ്യ തയ്യാറായിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

