Monday, September 28, 2026

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വിജയത്തിന് അരികെ ബൈഡന്‍; 264 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാക്കി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഏറ്റവും ഒടുവില്‍ പുറത്തെത്തിയ കണക്കുകള്‍ അനുസരിച്ച് 264 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് 214 വോട്ടുകളും ലഭിച്ചു.

538 അംഗ ഇലക്ടറല്‍ കോളേജിലെ 270 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നയാളാണ് പ്രസിഡന്റ് ആവുക. നിര്‍ണായക സംസ്ഥാനങ്ങളായ വിസ്‌കോന്‍സിന്‍, മിഷിഗണ്‍ എന്നിവിടങ്ങളിലും ബൈഡന്‍ വിജയം നേടിക്കഴിഞ്ഞു.

വിസ്‌കോന്‍സിനിലെ ബൈഡന്റെ വിജയത്തിനു പിന്നാലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെടുമെന്ന് ട്രംപ് ക്യാമ്പ് അറിയിച്ചു. കൂടാതെ മിഷിഗണിലെ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ക്യാമ്പ് പരാതിയും നല്‍കിയിട്ടുണ്ട്.

അതേസമയം, വോട്ടെണ്ണല്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍, നമ്മള്‍ ആയിരിക്കും വിജയിക്കുക എന്ന് സ്വദേശമായ വില്‍മിങ്ടണില്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കവേ ബൈഡന്‍ പറഞ്ഞു. ഓരോ വോട്ടും എണ്ണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles