Saturday, April 20, 2024
spot_img

ഡ്രോൺ ആക്രമണത്തിന് അന്തിമാനുമതി നൽകിയത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ; തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ അൽ ഖ്വയ്ദ തലവൻ കൊല്ലപ്പെട്ടത് കാബൂളിലെ വസതിയുടെ ബാൽക്കണിയിൽ ഉലാത്തവെ

വാഷിങ്ടൺ: അൽ ഖ്വയ്ദ തലവനും കൊടുംഭീകരനുമായ അയ്മൻ അൽ സവാഹിരിയെ വധിക്കാൻ കാബൂളിൽ ശനിയാഴ്ച നടത്തിയ ഡ്രോൺ ആക്രമണത്തിന് അന്തിമാനുമതി നൽകിയത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാൻ തലസ്ഥാനമായ കൂബൂളിൽ അമേരിക്കൻ ചാര സംഘടനയായ സിഐഎയാണ് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടത്തിയതെന്ന് ബൈഡൻ സ്ഥിരീകരിച്ചു. അയ്മൻ അൽ സവാഹിരി കാബൂളിലെ വസതിയുടെ ബാൽക്കണിയിൽ നിൽക്കവെ രണ്ട് മിസൈലുകൾ അയച്ചാണ് ഭീകരവാദി നേതാവിനെ കൊലപ്പെടുത്തിയതെന്ന് ബിബിസി റിപ്പോർട്ടുചെയ്തു. വ്യോമാക്രമണം വിജയകരമായിരുന്നുവെന്നും ഒരു സാധാരണക്കാരന് പോലും ജീവഹാനിയുണ്ടായിട്ടില്ലെന്നും ബൈഡൻ വ്യക്തമാക്കി.

71 വയസുള്ള ഭീകരവാദി നേതാവിനെ വധിക്കാനുള്ള നീക്കത്തിന് അന്തിമാനുമതി നൽകിയത് താനാണെന്ന് ബൈഡൻ വ്യക്തമാക്കി. 2011 ൽ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സവാഹിരി, അൽ ഖ്വയ്ദയുടെ തലവനാകുന്നത്. 9/11 ഭീകരാക്രമണം ആസൂത്രണം ചെയ്തത് ബിൻ ലാദനും സവാഹിരിയും ചേർന്നായിരുന്നു. സവാഹിരി കൊല്ലപ്പെട്ടതോടെ ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചുെവന്ന് ജോ ബൈഡൻ ചൂണ്ടിക്കാട്ടി.

ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും നഗ്നമായ ലംഘനമാണെന്നുമാണ് താലിബാൻ പ്രതികരിച്ചു. ഒസാമ ബിൻ ലാദനെ അമേരിക്ക കൊലപ്പെടുത്തി 11 വർഷം പിന്നിടുമ്പോഴും അൽ-ഖ്വയ്ദയുടെ അന്താരാഷ്‌ട്ര പ്രതീകമായി തുടർന്നിരുന്ന ഭീകരനാണ് 71-കാരനായ അയ്മാൻ അൽ-സവാഹിരി. പാകിസ്താനിലെ ജലാലാബാദിൽ വെച്ച് യുഎസ് സേന ലാദനെ വകവരുത്തിയതിന് ശേഷം ലാദന്റെ പിൻഗാമിയായി അദ്ദേഹം വളരുകയും അൽ-ഖ്വയ്ദയുടെ തലവനാകുകയും ചെയ്തു. ഒരു ഘട്ടത്തിൽ ബിൻ ലാദന്റെ പേഴ്സണൽ ഡോക്ടറായി സവാഹിരി പ്രവർത്തിച്ചിട്ടുണ്ട്.

ടാൻസാനിയയിലെ ദാർ എസ് സലാം, കെനിയയിലെ നെയ്റോബി എന്നിവിടങ്ങളിലുള്ള അമേരിക്കൻ എംബസികൾക്ക് നേരെ 1998 ഓഗസ്റ്റ് 7-ന് ബോംബാക്രമണം നടത്തിയതിന് പിന്നിലുള്ള സൂത്രധാരനാണ് സവാഹിരി. രണ്ടിടത്തും ഒരേസമയമായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. 12 അമേരിക്കക്കാർ ഉൾപ്പെടെ 224 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. 4,500-ലധികം പേർക്ക് പരിക്കേറ്റു. 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിന്റെയും പെന്റഗണിന്റെയും കെട്ടിടങ്ങളിൽ നടന്ന ആക്രമണത്തിൽ 3,000 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഗൂഢാലോചനയ്‌ക്ക് പിറകിലും സവാഹിരി ഉൾപ്പെടെയുള്ള അൽ-ഖ്വയ്ദ ഭീകരരാണ്.

വാഷിംഗ്ടൺ വിമാനത്തെ റാഞ്ചുകയും പിന്നീട് യാത്രക്കാർ പ്രതിരോധിച്ചതിനെ തുടർന്ന് പെൻസിൽവാനിയയിൽ വിമാനം തകർന്നുവീണ സംഭവത്തിന് പിന്നിലും സവാഹിരിയാണ്. 2001 അവസാനത്തോടെ ബിൻ ലാദനോടൊപ്പം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയുടെ കണ്ണുവെട്ടിച്ച് സവാഹിരി രക്ഷപ്പെടുകയും ചെയ്തു. പിന്നീട്, 2003 മെയ് മാസത്തിൽ റിയാദിലും സൗദി അറേബ്യയിലും ഒരേസമയം നടന്ന ചാവേർ സ്‌ഫോടനത്തിലും സവാഹിരിക്ക് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തിൽ ഒമ്പത് അമേരിക്കക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സവാഹിരി എവിടെയാണെന്നതിൽ ആർക്കും അറിവുണ്ടായിരുന്നില്ല. സവാഹിരി അസുഖം മൂലം മരിച്ചുവെന്ന കിംവദന്തികളും 2020ൽ ഉണ്ടായി. എന്നാൽ യുഎൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിൽ നിന്നുള്ള റിപ്പോർട്ടിൽ സവാഹിരി അഫ്ഗാനിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നു. സവാഹിരിയെ നേരിട്ട് പിടികൂടാൻ പ്രാപ്തമായ വിവരങ്ങൾ നൽകുന്നവർക്ക് 25 മില്യൺ യുഎസ് ഡോളർ പാരിതോഷികം വരെ നൽകുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം. ഇതിനെല്ലാം ഒടുവിലാണ് ഡ്രോൺ ആക്രമണത്തിൽ അഫ്ഗാനിസ്താനിൽ വെച്ച് സവാഹിരി കൊല്ലപ്പെട്ടിരിക്കുന്നത്.

പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദൻ 2011 മെയ്‌ രണ്ടിന് യുഎസ് കമാൻഡോകളുടെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ബിൻ ലാദന്റെ മരണശേഷം അയാൾക്ക് പകരക്കാരനായിട്ടായിരുന്നു അൽ സവാഹിരി ഭീകരസംഘടനയുടെ തലവനാകുന്നത്. അൽഖ്വയ്ദയുമായി അടുത്ത ബന്ധം പുലർത്തുന്നു എന്ന് അമേരിക്ക സംശയിക്കുന്ന, താലിബാൻ സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായ സിറജ്ജുദ്ദീൻ ഹഖാനിയുടെയാണ് ഇയാൾ താമസിച്ചിരുന്ന വീട് എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം അഫ്ഗാൻ വിട്ടതിനു ശേഷം അഫ്ഗാൻ മണ്ണിൽ അമേരിക്ക നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്.

Related Articles

Latest Articles