Monday, May 13, 2024
spot_img

ഐഎസ്- അൽ ഖ്വയ്ദ നേതാക്കളെ വകവരുത്തി അമേരിക്ക; ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീന മേഖലകളിൽ കടുത്ത നടപടിയുമായി സൈന്യം

ദമാസ്‌കസ്: ഐഎസ്– അൽ ഖ്വയ്ദ നേതാക്കളെ വകവരുത്തി അമേരിക്ക (US Special OPS Counter Terrorism Raid In Syria). സിറിയ മേഖലയിലാണ് സംഭവം. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീന മേഖലകളിലാണ് അമേരിക്കയുടെ വൻ സൈനിക നടപടി ഉണ്ടായത്. രണ്ട് മണിക്കൂർ നീണ്ട ഭീകരവിരുദ്ധ പോരാട്ടത്തിൽ നിരവധി പേർ വധിക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ദൗത്യം വിജയകരമായിരുന്നുവെന്ന് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ പ്രസ്താവനയിറക്കിയെങ്കിലും മരണസംഖ്യയെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. സിറിയയിലെ വടക്കൻ മേഖലയിലാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി ഹെലികോപ്ടറുകൾ ഉപയോഗിച്ച് അമേരിക്കൻ സൈന്യം ഭീകരർക്കായി തിരച്ചിൽ നടത്തിയത്.

അതേസമയം ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെയും ഐഎസിന്റെയും മുതിർന്ന നേതാക്കളെ ലക്ഷ്യം വച്ചായിരുന്നു അമേരിക്കയുടെ നടപടിയെന്നാണ് സൂചന. സിറിയയിലെ വടക്ക്പടിഞ്ഞാറൻ പ്രദേശം ഭീകരസംഘടനകളുടെ സ്വാധീനമേഖലയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപകൻ അബൂബക്കർ അൽ ബാഗ്ദാദിയെ വധിക്കുന്നതിനായി 2019 ൽ നടത്തിയ ഓപ്പറേഷന് ശേഷം നടക്കുന്ന ഏറ്റവും ശക്തമായ സൈനിക നടപടിയാണ് ഇന്നലെ നടന്നത്.

Related Articles

Latest Articles