തിരുവനന്തപുരം: പുതിയതായി അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഗവർണർ. കേന്ദ്രവുമായി പരമാവധി സഹകരിച്ച് മുന്നോട്ട് പോകുമെന്നും ന്യായവും അർഹവുമായ പിന്തുണ കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രസംഗത്തിൽ വ്യക്തമാക്കി. പുതിയ യുപിഎ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരെ നയപ്രഖ്യാപനത്തിൽ വിമർശനമുണ്ടാകുമോ എന്ന രാഷ്ട്രീയ കേന്ദ്രങ്ങളുടെ ആകാംക്ഷകൾക്കാണ് ഇതോടെ വിരാമമായത്. അഴിമതിരഹിതവും സുതാര്യവുമായ ഭരണത്തിലൂടെ ‘പുതുയുഗ കേരളം’ സൃഷ്ടിക്കുമെന്നാണ് സർക്കാരിന്റെ പ്രധാന പ്രഖ്യാപനം.
അതേസമയം, നയപ്രഖ്യാപന ചടങ്ങിനിടെ ‘വന്ദേമാതരം’ ആലപിച്ചതുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ ഉടലെടുത്തു. ചടങ്ങ് തുടങ്ങുന്നതിന് മുൻപും അവസാനിച്ച ശേഷവും ബാന്റിൽ വന്ദേമാതരം ഭാഗികമായി മാത്രമാണ് വായിച്ചത്. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിർദേശിച്ചപ്പോൾ, മുഴുവൻ വായിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഭാഗികമായി മാത്രം ഗീതം വായിച്ചതിൽ ഗവർണറുടെയും രാജ്ഭവന്റെയും അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം പുറത്തിറക്കുമെന്നതാണ് നയപ്രഖ്യാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം. സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നും പുതിയ എക്സൈസ് നയം കൊണ്ടുവരുമെന്നും പ്രഖ്യാപനത്തിലുണ്ട്. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിലുള്ള കടുത്ത ആശങ്ക രേഖപ്പെടുത്തിയാണ് പ്രസംഗം ആരംഭിച്ചത്. ഭരണസംവിധാനത്തിന് വേഗതയും സുതാര്യതയും ഉറപ്പാക്കുമെന്നും, ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകത വർദ്ധിപ്പിക്കുമെന്നും മതനിരപേക്ഷതയ്ക്ക് മുൻതൂക്കം നൽകുമെന്നും സർക്കാർ ഉറപ്പുനൽകുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സേവന മേഖലകളിൽ നിന്ന് സർക്കാർ പിന്മാറില്ല.
തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതികളുമായി സർക്കാർ ശക്തമായി മുന്നോട്ട് പോകും. ഇതിന്റെ ഭാഗമായി ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ വയോജന മന്ത്രാലയം രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. റോഡ്, ജല, വ്യോമ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കിക്കൊണ്ട് സംസ്ഥാനത്ത് വലിയൊരു സംയോജിത ഗതാഗത സംവിധാനം നടപ്പാക്കും. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി മനുഷ്യ-മൃഗ സംഘർഷ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കും. ശാസ്ത്രീയമായ മണ്ണ് പരിശോധനാ സംവിധാനങ്ങൾ സംസ്ഥാനത്തുടനീളം കൊണ്ടുവരും. കാർഷിക പുരോഗതിക്കായി സുഗന്ധവ്യഞ്ജന പാർക്കുകളും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള (PPP) പുതിയ വികസന പദ്ധതികളും നടപ്പിലാക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലൂടെ വ്യക്തമാക്കി.

