വടകര: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ വടകര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസുകാരേയും സ്ഥലം മാറ്റി. ഒരു പോലീസ്‌കാരനെ കൂടി സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി ഉണ്ടായിരിക്കുന്നത്. രണ്ട് പോലീസുകാരെ ഇതിന് മുൻപേ സസ്പെന്‍ഡ് ചെയ്തിരുന്നു. ശേഷം കസ്റ്റഡി മരണത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. 28 പേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പകരക്കാർ അടക്കം 56 പേർക്ക് സ്ഥലം മാറ്റത്തിനാണ് മുഖ്യമന്ത്രി നിർദ്ദേശം നല്‍കിയിരുന്നത്.
വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച യുവാവിന് പ്രാഥമിക ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് മുൻകരുതൽ ഒന്നും തന്നെ എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇതെല്ലാം പോലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ അനാസ്ഥയാണെന്ന് റിപ്പോർട്ടിലുണ്ട്.
വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത് വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് . ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്‍റെ സുഹൃത്തായിരുന്നു കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ് മർദ്ദിക്കുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ വ്യക്തമാക്കി.
അതിന് ശേഷം തനിക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പോളിസികാരോട് പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ അത് കാര്യമാക്കിയില്ല. 45 മിനിട്ടിന് സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരുടെ ഉള്‍പ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും സജീവൻ മരിച്ചിരുന്നു.

