Thursday, May 16, 2024
spot_img

വത്സന്‍ തില്ലങ്കേരിയെക്കുറിച്ച് മികച്ച ലേഖനം; ഇടത് വലത് ജിഹാദികൾ എതിര്‍ത്തപ്പോള്‍ നീക്കം ചെയ്ത് കേരളത്തിലെ പ്രമുഖ മാധ്യമം’

ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റായി വത്സൻ തില്ലങ്കേരി ചുമതലയേറ്റ വിവരം നമ്മൾ അറിഞ്ഞു സ്വർഗ്ഗീയ അശ്വിനികുമാറിന്റെ വീട്ടിലെത്തിയ അദ്ദേഹം അശ്വിനിയുടെ വന്ദ്യ മാതാവിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ് പുതിയ നിയോഗത്തിന് സമാരംഭം കുറിച്ചത് . തുടർന്ന് അശ്വിനി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തിയാണ് പുതിയ കർത്തവായത്തലേക്ക് അദ്ദേഹം കടന്നത്. അദ്ദേഹത്തെക്കുറിച്ച് പത്ര സാമൂഹ്യ മാധ്യമങ്ങളിൽ വളരെ ചർച്ചചയായിരുന്നു.കേരളം കണ്ട മാസ്സ് ലീഡർ ആയിരുന്നു വത്സൻ തില്ലങ്കേരി. അദ്ദേഹം ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ഈ അടുത്ത് മനോരമ ഓണ്‍ലൈൻ ഒരു ലേഖനം പ്രസിദ്ധികരിച്ചു. വളരെ മികച്ച രീതിയിലാണ് അദ്ദേഹത്തെ കുറിച്ച് ആ ലേഖനത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാൽ രാഷ്ട്രീയ എതിരാളികളുടെ കള്ളപ്രചരണം തുറന്നു കാട്ടിയ ഒരു ലേഖനം ആയിരുന്നു അത്.

ഇതായിരുന്നു മനോരമ പ്രസദ്ധീകരിച്ച ലേഖനം ഇങ്ങനെ…

കോഴിക്കോട്; കേരളത്തിലെ ഇടതുസംഘടനകളുടെ ചുറ്റുവട്ടത്ത് സംഘടനാ പ്രവര്‍ത്തനം നടത്താന്‍ ശേഷിയുള്ള ആര്‍എസ്എസ് നേതാവ്. ‘ക്രൗഡ് പുള്ളറെ’ന്ന് സംഘ പ്രവര്‍ത്തകര്‍ ആവേശം കൊള്ളുന്ന ഉജ്വല വാഗ്മി. അണികളില്‍ സംഘടനാവികാരം ആളിക്കത്തിക്കാന്‍ ശേഷിയുള്ളയാള്‍. നാട്ടുകാര്‍ക്ക് പ്രിയങ്കരനായ അധ്യാപകന്‍. വല്‍സന്‍ തില്ലങ്കേരിയെന്ന കണ്ണൂര്‍ ജില്ലക്കാരനായ മുഴുവന്‍ സമയ പ്രവര്‍ത്തകനെ ഹിന്ദു ഐക്യവേദിയുടെ തലപ്പത്തേക്ക് എത്തിക്കുമ്പോള്‍ നിശ്ശബ്ദമായി സംഘ്പരിവാര്‍ ലക്ഷ്യംവയ്ക്കുന്നത് കരുത്തുറ്റ നീക്കം. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായി വല്‍സന്‍ തില്ലങ്കേരിയെ തിരഞ്ഞെടുത്തത്. കെ.പി.ശശികല പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുണ്ട്.

കണ്ണൂരിലെ തീയില്‍ കുരുത്തത്

തില്ലങ്കേരി ശ്രീനിവാസില്‍ പരേതരായ കെ.ബാലന്റെയും പടയന്‍കുടി മാധവിയുടെയും ആറുമക്കളില്‍ രണ്ടാമനാണ് 55 വയസ്സുകാരനായ വല്‍സന്‍ തില്ലങ്കേരി. വ്യക്തിപരമായതെല്ലാം സംഘടനാപ്രവര്‍ത്തനത്തിനു സമര്‍പ്പിച്ച് ആര്‍എസ്എസിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനായി ജീവിക്കുന്ന വല്‍സന്‍, സംഘ നേതൃത്വത്തിന്റെ നിര്‍ദേശം ഏറ്റെടുത്താണ് ഹിന്ദു ഐക്യവേദിയുടെ വര്‍ക്കിങ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. ശബരിമല സമരകാലത്ത് സന്നിധാനത്ത് പൊലീസിനു നിയന്ത്രിക്കാന്‍ കഴിയാത്ത വിശ്വാസികളെ പൊലീസിന്റെ ലൗഡ്‌സ്പീക്കര്‍ വാങ്ങി നിയന്ത്രിക്കുന്ന വല്‍സന്‍ തില്ലങ്കേരിയെ കേരളസമൂഹത്തിന് ഇന്ന് പരിചിതമാണ്. എന്നാല്‍, പതിറ്റാണ്ടുകളായി സിപിഎമ്മിന്റെ ചെങ്കോട്ടയായ കണ്ണൂരില്‍ വെല്ലുവിളികളെയും വധഭീഷണികളെയും അതിജീവിച്ച് ആര്‍എസ്എസിന്റെ ജനകീയമുഖമായി പ്രചാരണം നടത്തുന്ന വല്‍സന് പറയാന്‍ അതിലേറെ കഥകളുണ്ട്. കരുത്തരായ ഇടതുനേതാക്കള്‍ പലതവണ ശ്രമിച്ചിട്ടും ഒതുക്കാന്‍ കഴിയാത്ത സംഘടനാപാടവത്തിന്റെ കഥകള്‍.

പടിപടിയായുള്ള വളര്‍ച്ച

സിപിഎമ്മിന്റെ പാര്‍ട്ടിഗ്രാമമായ തില്ലങ്കേരിയില്‍നിന്ന് ഒരു ആര്‍എസ്എസ് നേതാവ് വളര്‍ന്നുവരണമെങ്കില്‍ അതു ചില്ലറക്കാര്യമല്ലെന്നത് കേരളത്തിലെ പൊതുസമൂഹത്തിന് ഊഹിക്കാവുന്നതേയുള്ളൂ. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് വല്‍സന്‍ സംഘപരിവാര്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്.

1978ല്‍ മട്ടന്നൂര്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു അത്. തുടര്‍ന്ന് മട്ടന്നൂര്‍ പിആര്‍ എന്‍എസ്എസ് കോളജില്‍ പഠിക്കുമ്പോള്‍ എബിവിപിയുടെ സജീവ പ്രവര്‍ത്തകനായി. ആര്‍എസ്എസ് തില്ലങ്കേരി ശാഖയില്‍ സ്വയം സേവകനായി. ആര്‍എസ്എസ്ശാഖാ കാര്യകര്‍ത്താവില്‍നിന്ന് സംസ്ഥാന പ്രാന്തീയ കാര്യകാരിസദസ്യനും ആര്‍എസ്എസ് വിദ്യാര്‍ഥി പ്രമുഖുമായി വളര്‍ന്നു. ഇരിട്ടി കൈരാതി കിരാതക്ഷേത്രം രക്ഷാധികാരിയും ഇരിട്ടി പ്രഗതി വിദ്യാനികേതന്റെ പ്രിന്‍സിപ്പലായും വല്‍സന്‍ തില്ലങ്കേരി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസ്ഥാനമേല്‍പ്പിക്കുന്ന ഏതു ചുമതലയും എതിര്‍ ചോദ്യങ്ങളില്ലാതെ ഏറ്റെടുക്കുകയെന്നതാണ് അണികള്‍ക്കിടയില്‍ തില്ലങ്കേരിയെ പ്രിയപ്പെട്ടവനാക്കുന്നത്.

തീപ്പൊരി പ്രസംഗങ്ങളുടെ നായകന്‍

ആശയങ്ങളിലെ എതിര്‍പ്പുകളെ മാറ്റിവച്ച് പ്രസംഗ ശൈലി പരിശോധിച്ചാല്‍ സംസ്ഥാനത്തെ ചുരുക്കം മികച്ച പ്രസംഗകരില്‍ ഒരാളാണ് ഒരാളാണ് വല്‍സന്‍ തില്ലങ്കേരി. തന്റേതായ പ്രസംഗ ശൈലിയാണ് അദ്ദേഹത്തെ കേരളത്തിലെ ഒട്ടുമിക്ക നേതാക്കളില്‍നിന്നും വ്യത്യസ്തനാക്കുന്നത്. സൗമ്യസ്വഭാവക്കാരനായ തില്ലങ്കേരിയല്ല വേദികളിലെ പ്രസംഗ പീഠത്തിലെത്തുക. തീപ്പൊരി പോലെ തുടങ്ങി കാട്ടുതീ പോലെ കത്തിക്കയറുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. അളന്നുമുറിച്ച വാക്കുകളുടെ ഉപയോഗം. ഒന്നര മണിക്കൂറോളം ഇടതടവില്ലാതെ പ്രസംഗിക്കുന്ന വല്‍സന്‍ തില്ലങ്കേരിയുടെ വാക്കുകള്‍ക്കായി കാതോര്‍ക്കുന്നവരും ഏറെ

എതിര്‍പ്പുകളിലൂടെ വളര്‍ച്ച

പലതവണ വധഭീഷണികള്‍ നേരിട്ട വല്‍സന്‍ തില്ലങ്കേരിക്ക് നിലവില്‍ വൈ കാറ്റഗറി സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ പൊലീസ് സുരക്ഷയുള്ള, മന്ത്രിമാരല്ലാത്ത 9 പേരില്‍ ഒരാളാണ് വല്‍സന്‍. വിവിധ വധക്കേസുകളില്‍ വിചാരണ നേരിടേണ്ടിവന്ന നേതാവ്. യാക്കൂബ് വധക്കേസില്‍ ഇടതുനേതാക്കളുടടെ ഗൂഢാലോചനയുടെ ഫലമായി തന്നെ അറസ്റ്റു ചെയ്‌തെന്ന് ആരോപിച്ച് 2006ല്‍ വല്‍സന്‍ തില്ലങ്കേരി പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം നടത്തി. ഈ കേസില്‍ പില്‍ക്കാലത്ത് കോടതി വല്‍സന്‍ തില്ലങ്കേരിയെ കുറ്റവിമുക്തനാക്കി.

സിപിഎം നടത്തിയ തിടമ്പുനൃത്തമടക്കമുള്ള നീക്കങ്ങള്‍ക്കെതിരെ ഹൈന്ദവസംഘടനകളെ ഏകോപിപ്പിച്ച് സമരം ചെയ്യിച്ചത് തില്ലങ്കേരിയാണ്. കണ്ണൂരില്‍ സിപിഎമ്മിനെ പിന്തുടരുന്ന വെല്ലുവിളി സംസ്ഥാനത്താകെ പടര്‍ത്തുക എന്നതാണ് സംഘപരിവാര്‍ സംഘടനകള്‍ വല്‍സനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കൊലക്കേസ് പ്രതിയായും വര്‍ഗീയനേതാവായും എതിരാളികള്‍ പ്രചരിപ്പിക്കുമ്പോള്‍ വല്‍സന്‍ തില്ലങ്കേരി പല സാമൂഹികസേവന ട്രസ്റ്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്.

പോരാട്ടങ്ങള്‍ ഊതിത്തെളിച്ച നേതാവ്

കെ.ജി.മാരാരാണ് വല്‍സന്‍തില്ലങ്കേരിയുടെ പൂര്‍വമാതൃക. എന്നാല്‍ കുമ്മനം രാജശേഖരനെപ്പോലെ ശാന്തവും സാത്വികവുമായ പ്രവര്‍ത്തനശൈലിയല്ല വല്‍സന്റേത്.

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനു ഇടതുസര്‍ക്കാര്‍ നീക്കം തുടങ്ങിയപ്പോള്‍ ചെറുത്തുതോല്‍പിക്കാന്‍ മുന്‍നിരയിലേക്ക് നിയോഗിക്കപ്പെട്ടത് വല്‍സനാണ്. സമരം അവസാനിക്കുന്നതുവരെ സന്നിധാനത്തുണ്ടായിരുന്നു. വിശ്വാസി കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ക്കൊപ്പം തറയില്‍ കിടന്നുറങ്ങിയും കൈകൊട്ടി ഭജനപാടിയും വല്‍സന്‍ സജീവമായിരുന്നു. സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് പരാജയപ്പെട്ടപ്പോള്‍ വല്‍സന്റെ സഹായം തേടേണ്ടിവന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സമരത്തിന്റെ ആശയപ്രചാരണവുമായി കേരളത്തിലങ്ങോളമിങ്ങോളം മുഖ്യപ്രസംഗകനായും ഓടിനടന്നു.

ഒഴിയാതെ വിവാദങ്ങള്‍

കണ്ണൂരിലെ സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ കെ.സുധാകരന്‍ നടത്തിയ ഉപവാസ സമരത്തില്‍ വല്‍സന്‍ തില്ലങ്കേരിയുടെ സാന്നിധ്യം ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കെ. സുധാകരനുമേല്‍ ആര്‍എസ്എസ് ചായ്വ് സിപിഎം ആരോപിക്കുന്നതിനു പിന്നില്‍ വല്‍സനുമായുളള അടുപ്പമാണ്. കണ്ണൂരിലെ രാഷ്ട്രീയ അതിക്രമ സംഭവങ്ങളില്‍ സിപിഎം പലപ്പോഴും കുറ്റപ്പെടുത്തിയതും വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തെയായിരുന്നു. അദ്ദേഹത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ ട്രസ്റ്റില്‍ ശുചിമുറി പണിയാന്‍ എംപി ഫണ്ട് ലഭ്യമാക്കുന്നതിന് സിപിഎം നേതാവ് ശ്രമിച്ചതും വിവാദമായിരുന്നു.

എന്താണു ലക്ഷ്യം ?

കേരളത്തില്‍ പൊതുവായുള്ള സംഘടനാപ്രവര്‍ത്തനങ്ങളുടെ രീതിയിലാണ് സിപിഎമ്മും കോണ്‍ഗ്രസുമടക്കമുള്ള പാര്‍ട്ടികള്‍ സംഘപരിവാര്‍ സംഘടനകളെ കാണുന്നത്. എന്നാല്‍ നിലവില്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളുടെ നിര്‍വചനത്തില്‍പ്പെടുന്ന രീതിയിലല്ല ഘടനാപരമായി ദേശീയതലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്.

സംഘപരിവാറിലെ വിവിധ സംഘടനകളുടെ ചുമതലകളിലേക്ക് ആര്‍എസ്എസ് ചില പ്രവര്‍ത്തകരെ ചുമതല ഏല്‍പിക്കുകയാണ് ചെയ്തുവരുന്നത്. വ്യക്തിപരമായ നേട്ടങ്ങളും സാമ്പത്തിക നേട്ടങ്ങളും വേണ്ടെന്നുവച്ച് സ്വയംസമര്‍പ്പിച്ച് ജോലി ചെയ്യുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പ്രവര്‍ത്തനം സുതാര്യവും ബാഹ്യ ഇടപെടലുകളില്‍നിന്ന് മുക്തവുമായിരിക്കുമെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ വല്‍സന്‍ തില്ലങ്കേരി ഏറ്റെടുത്തു മുന്നോട്ടുവരുന്ന ദൗത്യത്തെ വളെര സൂക്ഷ്മതയോടെയാണ് കേരളത്തിലെ മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്. ബിജെപി നേതൃനിരയിലേക്ക് വല്‍സന്‍ തില്ലങ്കരി കടന്നു വരുന്നതും കാത്തിരിക്കുന്നവരാണ് അണികള്‍. ഇടയ്ക്ക് സംസഥാന നേതൃത്വത്തിലേക്ക് പരിഗണിക്കുന്നെന്ന സൂചനകള്‍ അണികള്‍ വളരെ ആവേശത്തോടെയാണ് കണ്ടത്. എന്നാല്‍, അത്തരം നീക്കങ്ങള്‍ ധൃതിയില്‍ വേണ്ടെന്നാണ് ആര്‍എസ് എസ് നിലപാട്. ഹിന്ദു ഐക്യവേദിയിലെ പുതിയ ചുമതല സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയായാണ് നിരീക്ഷകര്‍ കാണുന്നത്

എന്തായാലും പ്രതിലോമശക്തികളുടെ എതിര്‍പ്പ് കാരണം നിമിഷങ്ങൾക്കുള്ളിൽ തന്നെ മനോരമയക്ക് ആ ലേഖനം നീക്കം ചെയ്യേണ്ടി വന്നു. എന്താലേ…
യാഥാർഥ്യങ്ങൾ വിളിച്ച്‌പ്പറയുമ്പോൾ ഇടത് വലത് ജിഹാദി ടീമുകൾക്ക് പൊള്ളും

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles