Wednesday, November 4, 2026

ജീവിതം കൊണ്ട് ചരിത്രത്തില്‍ ഇടം നേടിയ വനവാസി നേതാവ്; ബ്രിട്ടീഷുകാരന്റെ നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പടപൊരുതി, സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചിച്ച ദേശാഭിമാനി! ഇന്ന് ബിർസ മുണ്ട ബലിദാന ദിനം

ഇന്ന് ബിർസ മുണ്ട ബലിദാന ദിനം. ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു, ബിർസ മുണ്ടയുടേത്. തന്റെ ജീവിതം കൊണ്ട് ചരിത്രത്തില്‍ ഇടം നേടിയ ഒരു വനവാസി നേതാവ്. ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനും എതിരെ മധ്യേന്ത്യയിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഉയര്‍ന്ന വിപ്ലവവീര്യമാണ് ബിര്‍സ മുണ്ട.

ഇന്നത്തെ ജാര്‍ഖണ്ഡിലെ ഉളിഹത്ത് ഗ്രാമത്തില്‍ മുണ്ട ഗോത്രവര്‍ഗത്തില്‍ 1875 നവംബര്‍ 15-നാണ് ബിര്‍സ മുണ്ട ജനിക്കുന്നത്. കൊടിയ ദാരിദ്ര്യത്തിലായിരുന്നു ശൈശവവും ബാല്യവും. തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ അവസാനിച്ച ജീവിതത്തിനിടയില്‍ ഭാരതത്തിലെ വനവാസി ജനതയുടെ പോരാട്ട വീര്യത്തെ ചരിത്ര താളുകളില്‍ അദ്ദേഹം രചിച്ച് ചേര്‍ത്തു. 1882 ല്‍ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റ് വനനിയമം പാസാക്കി, അന്നോളം വനവാസി ജനത പിന്‍തുടര്‍ന്നു പോന്നിരുന്ന തനതായ ജീവിതരീതിയും സംസ്‌കൃതിയും എല്ലാം എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാന്‍ പ്രാപ്തമായിരുന്ന നിയമം. 1894 ല്‍ ആണ് ബിര്‍സയുടെ നേതൃത്വത്തില്‍ വനനിയമത്തെ എതിര്‍ത്ത് ഗോത്ര ജനങ്ങള്‍ ചെറുത്തുനില്‍പ്പ് തുടങ്ങിയത്, അദ്ദേഹത്തിന്റെ 19 ആം വയസ്സിലാണ്.

വൈദേശിക ശക്തിയുടെ തോക്കിനും പീരങ്കിക്കും മുന്‍പില്‍ ഇന്നത്തെ ജാര്‍ഖണ്ഡ്, ബീഹാര്‍, ഒറീസ എന്നീ സംസ്ഥാനങ്ങളിലാകെ പരന്നു കിടക്കുന്ന വനങ്ങള്‍ കേന്ദ്രീകരിച്ച് അമ്പും വില്ലും വാളുകളും ഉപയോഗിച്ച് ബിര്‍സ തന്റെ ഗറില്ലാ പോരാട്ടം വീര്യം പ്രകടിപ്പിച്ചു. ഇതിനിടയില്‍ പലതവണ ജയിലിലും ഒളിവിലുമായി കഴിയേണ്ടി വന്നു. ബംഗാളി സാഹിത്യകാരി മഹാശ്വേതാദേവി രചിച്ച സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആര്‍ഗ്‌നിയര്‍ അധികാര്‍ എന്ന നോവല്‍ മുണ്ടാ ജനതവിഭാഗത്തെ സംഘടിപ്പിച്ച് ബിര്‍സ മുണ്ട നടത്തിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രാഖ്യായി ആണ്.

ഇരുപത്തിയഞ്ചാം വയസ്സില്‍, 1900 മാര്‍ച്ചില്‍ ചക്രധാരാപൂര്‍ ജംങ്കോപായ് വനത്തില്‍ വച്ച് മുണ്ട അറസ്റ്റ് ചെയ്യപ്പെട്ടു. റാഞ്ചി ജയിലില്‍ വച്ച് ജൂണ്‍ 9ന് മുണ്ട മരിച്ചു. കോളറ മൂലം മരണം സംഭവിച്ചു എന്ന് ബ്രിട്ടീഷ് ഭരണകൂടം പുറം ലോകത്തെ അറിയിച്ചുവെങ്കിലും മുണ്ട യഥാര്‍ത്ഥത്തില്‍ വധിക്കപ്പെടുകയായിരുന്നു.

Related Articles

Latest Articles