വഞ്ചിയൂരിലെ വെടിവെപ്പ് കേസിൽ പ്രതിയായ വനിതാ ഡോക്ടർ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി(11) ആണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍വിട്ടത്. പ്രതിയുമായി എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. പ്രധാന തൊണ്ടിമുതലായ വെടിവെക്കാന്‍ ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായും അന്വേഷണമാണ് ദ്രുത ഗതിയിൽ നടക്കുന്നത്.
ജൂലായ് 28-നാണ് വഞ്ചിയൂര്‍ ചെമ്പകശ്ശേരിയില്‍ ഷിനിയെ വനിതാഡോക്ടർ ര്‍ വീട്ടില്‍ക്കയറി വെടിവെച്ചത്. എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഷിനിയുടെ കൈപ്പത്തിക്ക് പരിക്കേറ്റിരുന്നു. കാറില്‍ മുഖം മറച്ചെത്തി ആക്രമണം നടത്തിയ വനിതാ ഡോക്ടർ ജൂലായ് 30-നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡ്യൂട്ടിക്കിടെ പോലീസ് അറസ്റ്റ് ചെയ്തത്. ഷിനിയുടെ ഭര്‍ത്താവ് സുജിത്തുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നതായും സുജിത്ത് തന്നെ അവഗണിച്ചതിന്റെ വൈരാഗ്യത്തിലാണ് ഷിനിയെ ആക്രമിച്ചതെന്നുമായിരുന്നു ഡോക്ടറുടെ മൊഴി.
ഒരുവര്‍ഷത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് വനിതാ ഡോക്ടര്‍ വെടിവെപ്പ് നടത്തിയത്. ഓണ്‍ലൈന്‍ വഴിയാണ് എയര്‍പിസ്റ്റള്‍ വാങ്ങിയതെന്നും ഇന്റര്‍നെറ്റിലൂടെയാണ് വെടിവെയ്ക്കാനുള്ള പരിശീലനം നേടിയതെന്നും ഡോക്ടര്‍ മൊഴിനല്‍കിയിരുന്നു.
പിന്നാലെ സുജിത്തിനെതിരെ വനിതാഡോക്ടർ പീഡന പരാതിയും നൽകി. കൊല്ലത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിആര്‍ഒ ആയിരിക്കെ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് പീഡനം നടന്നിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്നും ശേഷം സുജീത്ത് മാലദ്വീപിലേക്ക് പോയെന്നും വനിതാ ഡോക്ടർ പറയുന്നു. പ്രതിയായ ഡോക്ടറുമായി സൗഹൃദമുണ്ടായിരുന്നതായി സുജിത്തും നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു.
വനിതാ ഡോക്ടറുടെ പരാതിയില്‍ സുജിത്തിനെതിരേ പോലീസ് പീഡനക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീഡനം നടന്നത് കൊല്ലത്തായതിനാല്‍ ഈ കേസ് പിന്നീട് കൊല്ലം പോലീസിന് കൈമാറി. പീഡനക്കേസില്‍ കൊല്ലം കണ്ണനല്ലൂര്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്.

