വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 402 ആയി. നിലവിൽ കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. 180 പേർ ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ 8 എണ്ണം ഇന്നലെ സംസ്കരിച്ചു. ശേഷിക്കുന്ന മൃതദേഹങ്ങളുടെ സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.
ദുരന്തത്തിന്റെ ഏഴാം ദിനമായ ഇന്ന് നടത്തിയ തെരച്ചലിൽ ചൂരൽമല വില്ലേജ് റോഡിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. 12 സോണുകളിലായി 50 പേര് വീതമുള്ള സംഘങ്ങളാണ് ഇന്ന് തെരച്ചില് നടത്തുന്നത്. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില് തുടരുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി തെരച്ചില് പ്രവര്ത്തനം സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്റെ തീരുമാനം. ചാലിയാര് പുഴയോട് ചേര്ന്ന് 9 വാര്ഡുകളിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നത്തെ തെരച്ചിൽ. ഉരുള്പ്പൊട്ടലിൽ പരിക്കേറ്റ 91 പേര് ആശുപത്രിയില് ചികിത്സയില് തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

