Tuesday, May 21, 2024
spot_img

വന്ദനയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർ‌ട്ട് പുറത്ത് വന്നു;മരണകാരണം തലയിലും മുതുകിലുമേറ്റ കുത്തുകൾ; പ്രതി സന്ദീപ് റിമാൻഡിൽ

കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് മരിച്ച യുവ വനിതാ ഡോക്ടർ വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർ‌ട്ട് പുറത്ത് വന്നു. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളടക്കം ശരീരത്തിലാകെ 23 മുറിവുകളാണ് ഏറ്റത്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, കേസിലെ പ്രതി സന്ദീപിനെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തുടർന്ന് ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി.

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വൈകുന്നേരത്തോടെ വന്ദനയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ചു. സഹപാഠികളും അദ്ധ്യാപകരും നൂറുകണക്കിനു പേരാണ് ഇവിടെയെത്തി വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഇതിന് ശേഷം വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലും പൊതദര്‍ശനത്തിനു വച്ചപ്പോഴും വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. മൃതദേഹം ഇന്നു രാത്രി ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിക്കും. നാളെ ഉച്ചയ്ക്കാണ് സംസ്കാര ചടങ്ങുകൾ നടന്നത് .

Related Articles

Latest Articles