Saturday, June 1, 2024
spot_img

കേരളത്തിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി വന്ദേഭാരത്:6 ദിവസം കൊണ്ട് ടിക്കറ്റ് വരുമാനമായി നേടിയത് 2.7 കോടി; യാത്ര ചെയ്തത് 27,000 പേർ

തിരുവനന്തപുരം :കേരളത്തിൽ തകർപ്പൻ ഹിറ്റായി വന്ദേഭാരത് എക്സ്പ്രസ്. വെറും 6 ദിവസം കൊണ്ട് ടിക്കറ്റിനത്തിൽ നേടിയത് 2.7 കോടി രൂപയാണ്. ഏപ്രിൽ 28 മുതൽ മേയ് 3 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരം– കാസർഗോഡ് റൂട്ടിലും തിരിച്ചുമാണ് സർവീസ് നടത്തുന്നത്.

ഏപ്രിൽ 28 മുതൽ മേയ് 3 വരെ 31,412 ബുക്കിങ് ലഭിച്ചു. 27,000 പേർ ട്രെയിനിൽ യാത്ര ചെയ്തു. എക്സിക്യൂട്ടീവ് ക്ലാസിൽ സഞ്ചരിക്കാനാണ് യാത്രക്കാർ കൂടുതൽ. അതെസമയം മേയ് 14 വരെയുള്ള ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞതായി റെയിൽവേ അധികൃതർ പറ‍ഞ്ഞു. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് കൂടുതൽ വരുമാനം–1.17 കോടി രൂപ. തിരുവനന്തപുരം–കാസർകോട് ട്രിപ്പിന് 1.10 കോടി രൂപയാണ് വരുമാനം.

1024 ചെയർ കാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണ് വന്ദേ ഭാരത്തിലുള്ളത്. തിരുവനന്തപുരം–കാസർകോട് യാത്രയ്ക്ക് ചെയർ കാറിൽ 1590 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 2880 രൂപയുമാണ് നിരക്ക്. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് ചെയർകാറിൽ 1520 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 2815 രൂപയുമാണ് നിരക്ക്. ഭക്ഷണമുൾപ്പെടെയാണ് ഈ നിരക്ക് റെയിൽവേ ഈടാക്കാക്കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണം ഒഴിവാക്കാനുള്ള അവസരം റെയിൽവേ നൽകുന്നുണ്ട്. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്.

Related Articles

Latest Articles