Sunday, June 16, 2024
spot_img

നീക്ക് പോക്കില്ലാതെ ഫയലുകൾ; കാറ്റ് പോയ ബലൂൺ പോലെ സംസ്ഥാന സർക്കാരിന്റെ തീവ്രയ‍ജ്ഞ പരിപാടി

തിരുവനന്തപുരം : സർക്കാർ ഓഫിസുകളിലെ ഫയലുകൾ തീർപ്പാക്കുന്ന തീവ്രയ‍ജ്ഞ പരിപാടിക്ക് കാറ്റുപോയ ബലൂണിന്റെ സ്ഥിതി. ഫെബ്രുവരി മാസത്തിന് ശേഷം ഫയൽ തീർപ്പാക്കലിൽ കാര്യമായ പുരോഗതിയില്ല. ഓരോ വകുപ്പിലും തീർപ്പാക്കാനുള്ള ഫയലുകളുടെ എണ്ണം ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന് പ്രത്യേക മാതൃകയിൽ നൽകണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. കെട്ടികിടക്കുന്ന ഫയലുകളുടെയും തീർപ്പാക്കിയ ഫയലുകളുടെയും വ്യക്തമായ വിവരങ്ങൾ നിർബന്ധമായും ഓരോ മാസവും വ്യക്തമാക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിർദേശമെങ്കിലും ഫെബ്രുവരിക്കുശേഷം വകുപ്പുകൾ കണക്കുകൾ നൽകുന്നതിലും വീഴ്ച സംഭവിച്ചു.

2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീര്‍പ്പാക്കൽ തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചത്. പിന്നീട് കാലാവധി 2022 ഡിസംബർ 15 വരെ നീട്ടി. 2022 മാർച്ച് മുതൽ ഡിസംബർ വരെ സെക്രട്ടേറിയറ്റിൽ തീർപ്പാക്കാനുണ്ടായിരുന്നത് 1,75,415 ഫയൽ.അതിൽ തീർപ്പാക്കിയത് 82,401. തീർപ്പാക്കൽ ശതമാനം–46.97. വിവിധ വകുപ്പുകളിൽ ഈ കാലയളവിൽ തീർപ്പാക്കാനുണ്ടായിരുന്നത് 15,69,879 ഫയലുകൾ. തീർപ്പാക്കിയത് 8,73,270. തീർപ്പാക്കൽ ശതമാനം–55.63.

‌ആകെ 17,45,294 ഫയലുകൾ ഉണ്ടായിരുന്നതിൽ 9,55,671 ഫയലുകൾ തീർപ്പാക്കി. 54.76 ശതമാനമാണ് തീർപ്പാക്കൽ. 2023 ഫെബ്രുവരിയിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് ഫയലുകളെ സംബന്ധിച്ച വിവരം ശേഖരിക്കലോ തുടർനടപടികളോ ഉണ്ടായില്ല. അതേസമയം ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട് പുതിയ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വാദം.

Related Articles

Latest Articles