തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക് മികച്ച പ്രതികരണം. ഇന്ന് എട്ടു മണിക്ക് ബുക്കിങ് ആരംഭിച്ച ട്രെയിനിന്റെ എക്‌സിക്യൂട്ടിവ് ചെയർ കാർ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റു തീർന്നു. സർവീസ് ആരംഭിച്ച് അടുത്ത അഞ്ച് ദിവസത്തേക്ക് എക്‌സിക്യൂട്ടിവ് ചെയർ കാർ ടിക്കറ്റുകൾ ലഭ്യമല്ല.
വരുന്ന ചൊവ്വാഴ്ച്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ തിരുവനന്തപുരത്തുനിന്നുള്ള സാധാരണ സർവീസ് ആരംഭിക്കുന്നത് 28-നാണ്. കാസർഗോഡുനിന്നുള്ള സർവീസ് 26-ന് ആരംഭിക്കും.
കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ചെയർ കാറിൽ 1520 രൂപയും എക്‌സിക്യൂട്ടിവ് ചെയർ കാറിന് 2815 രൂപയുമാണ് ഈടാക്കുന്നത്. ചെയർകാറിൽ 914 സീറ്റും എക്‌സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുമാണ് ഉള്ളത്. ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് വഴിയും സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

