Thursday, May 16, 2024
spot_img

വർക്കലയിൽ ഗേറ്റ് കീപ്പർ ഓട്ടോ യാത്രക്കാരെ റെയിൽ പാളത്തിനു നടുവിലാക്കി ഇരുഭാഗത്തെയും ഗേറ്റുകൾ പൂട്ടിയതായി പരാതി | RAILWAY GATE

തിരുവനന്തപുരത്ത് വർക്കലയ്ക്കടുത്തുള്ള റെയിൽവേ ക്രോസിൽ, ഗേറ്റ് കീപ്പർ ഓട്ടോ യാത്രക്കാരെ റെയിൽ പാളത്തിനു നടുവിലാക്കി ഇരുഭാഗത്തെയും ഗേറ്റുകൾ പൂട്ടിയതായി പരാതി. ബുധനാഴ്ച പുലർച്ചെ വർക്കലയ്ക്കടുത്തുള്ള പുന്നമൂട് റെയിൽവേ ക്രോസിലാണു സംഭവം നടന്നത്. ട്രെയിൻ കടന്നുപോയി ഏറെ നേരം കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തതിന്റെ കാരണം ചോദിച്ചതിനാണ് അമ്മയും മകനും സഞ്ചരിച്ച ഓട്ടോ പത്തു മിനിറ്റോളം ട്രാക്കിൽ തടഞ്ഞിട്ടത്.

മലയിൻകീഴ് സ്വദേശിയായ സാജനും അമ്മയും ഭാര്യയും പുലർച്ചെയാണ് തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കു പോകാൻ ട്രെയിനിൽ കയറിയത്. കോച്ച് മാറി കയറിയതിനാൽ വർക്കലയിൽ ഇറങ്ങി അടുത്ത കോച്ചിലേക്കു മാറുമ്പോള്‍ ട്രെയിൻ നീങ്ങി തുടങ്ങി. ഭാര്യയ്ക്കു ട്രെയിനിൽ കയറാൻ പറ്റിയെങ്കിലും സാജനും അമ്മയ്ക്കും ട്രെയിനിൽ കയറാനായില്ല. അമ്മയും മകനും ബാഗും മൊബൈലും ഉൾപ്പെടെയുള്ള സാധനങ്ങളുമായി സ്റ്റേഷനിലായി.

അടുത്ത ട്രെയിൻ വരാൻ ഒരു മണിക്കൂറിലധികം സമയമുണ്ടെന്ന് അധികൃതർ പറഞ്ഞതിനെ തുടർന്നു ഭാര്യയെ അന്വേഷിച്ച് ഓട്ടോയിൽ കൊല്ലം സ്റ്റേഷനിലേക്കു പോകാൻ തീരുമാനിച്ചു. കുറച്ചു ദൂരം മുന്നോട്ടുപോയപ്പോൾ ഓട്ടോ അടച്ചിട്ട റെയിൽവേ ഗേറ്റിനു മുന്നിലെത്തി. ട്രെയിൻ പോയി ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനാൽ ഓട്ടോ ഡ്രൈവർ ഹോണടിച്ചെങ്കിലും ഗേറ്റ് തുറന്നില്ല. ഏറെ നേരം കഴിഞ്ഞ് ഗേറ്റു തുറന്നപ്പോൾ ‘ഉറങ്ങിപോയോ’ എന്നു ഡ്രൈവർ ചോദിച്ചതോടെ ഗേറ്റ് കീപ്പർ പ്രകോപനവുമായി എത്തിയെന്നു സാജൻ പറയുന്നു. ഗേറ്റ് വീണ്ടും പകുതി അടച്ചശേഷം ഓട്ടോക്കാരനുമായി തർക്കമായി. പിന്നീട് രണ്ടു ഗേറ്റും പൂർണമായി അടച്ചു. അത്യാവശ്യമായി പോകേണ്ടതുണ്ടെന്ന് ഏറെനേരം അഭ്യർഥിച്ചശേഷമാണു ഗേറ്റ് തുറക്കാൻ ജീവനക്കാരൻ തയാറായത്.

Related Articles

Latest Articles