വർക്കല: വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചത് പുക ശ്വസിച്ചാണെന്ന് ഫയർ ആന്റ് റെസ്ക്യു ഓഫിസർ നൗഷാദ്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ലായെന്നും ബൈക്കിൽ നിന്ന് തീ പടർന്നല്ല അപകടം ഉണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്. മറിച്ച് ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ വീട്ടിനുള്ളിൽ പെട്ട്രോൾ മണ്ണെണ്ണ പോലുള്ളവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടുമില്ല.
തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷമാണ് എല്ലാവരെയും പുറത്തെത്തിക്കാനായത്. എല്ലാ മുറിയിലും എസി ആയതിനാൽ പുക പുറത്ത് പോയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , എസി ഉൾപ്പെടെ എല്ലാം കത്തി നശിച്ചു. ഫോൺ വിളിച്ച ശേഷവും രണ്ടാമത്തെ മകന് പുറത്തേക്ക് വരാൻ കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടർന്നാണെന്നാണ് നിഗമനം.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫൊറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു.ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്നും റേഞ്ച് ഐ ജി ആർ.നിശാന്തിനിയും പറഞ്ഞു. മരണ കാരണം കണ്ടെത്താൻ വിശദ അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്. റേഞ്ച് ഐ ജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം
തിരുവനന്തപുരം ജില്ലയിലെ വർക്കല ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വര്‍ക്കല പുത്തന്‍ ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപനും കുടുംബവുമാണ് അപകടത്തിൽപെട്ടത് വീട്ടുടമസ്ഥന്‍ ബേബിേ എന്ന പ്രതാപന്‍(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന്‍ അഖില്‍(25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള കുട്ടി എന്നിവരാണ് മരിച്ചത്.ഗുരുതരമായ പരിക്കേറ്റ മൂത്ത മകന്‍ നിഖിലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇവർ താമസിച്ചിരുന്ന രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് തീയണച്ച് വീട്ടിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.
വര്‍ക്കല പുത്തന്‍ ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപന്‍. പ്രതാപന് മൂന്ന് ആണ്‍ മക്കളാണ് ഉള്ളത്. ഒരു മകന്‍ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമോര്‍ട്ടവും നടത്തിയശേഷമാകും സംസ്കാരം.

