തിരുവനന്തപുരം: സ്പ്രിംഗ്ളർ കരാറിൽ എം ശിവശങ്കറിനെ വെള്ളപൂശിക്കൊണ്ടുള്ള കെ ശശിധരൻ നായർ കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. വേണ്ടപ്പെട്ട ആളുകളെ രക്ഷിക്കാൻ ഉള്ള കമ്മറ്റി റിപ്പോർട്ടാണ് വന്നതെന്ന് സതീശൻ ആരോപിച്ചു. സർക്കാർ സൗകര്യത്തിനനുസരിച്ച് റിപ്പോർട്ട് തയ്യാറാക്കിയതാണെന്നും അദ്ദേഹം വിമർശിച്ചു.
വലിയ ഗൂഢാലോചനയാണ് നടന്നത്. ഹെൽത്ത് ഡാറ്റാ വിൽക്കാനുള്ള നടപടിയാണ് നടന്നതെന്നും സതീശൻ അഭിപ്രായപ്പെട്ടു. മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ഇപ്പോഴും നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ധർമ്മടത്തുള്ള രണ്ടുപേർക്കും നിരന്തരം ബന്ധം പ്രതികളുമായുണ്ടായിരുന്നു. രണ്ട് പേർക്കും മുഖ്യമന്ത്രിയുമായി ബന്ധം ഉണ്ട്. ധർമ്മടം സഹോദരന്മാർക്ക് മരം മുറികേസിലെ ബന്ധം വ്യക്തമാക്കണം. ധർമ്മടം ബന്ധത്തിൽ താൻ ഉന്നയിച്ച ആക്ഷേപത്തിൽ മുഖ്യമന്ത്രി ഒരക്ഷരം മറുപടി പറഞ്ഞിട്ടില്ല.
മുട്ടിൽ മരം മുറി കേസിൽ ഹൈക്കോടതി നിലപാട് തിരിച്ചടിയല്ല. നിലവിലെ അന്വേഷണം പൂർത്തിയായാൽ മാത്രമേ മറ്റൊന്ന് വേണം എന്ന് പറയാനാകൂ. നിലവിലെ അന്വേഷണത്തെ സംശയതോടെയാണ് കാണുന്നത്. മരം മുറിയിൽ അന്വേഷണ റിപ്പോർട്ട് വരട്ടെ, ആവശ്യമെങ്കിൽ നിയമപരമായി മുന്നോട്ട് പോകും. എന്താണ് ധർമ്മടത്തെ ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രിയ്ക്ക് സ്നേഹമെന്നും സതീശൻ ചോദിയ്ക്കുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

