Saturday, May 4, 2024
spot_img

രാജ്യത്ത് 41,965 പേർക്ക് കൂടി കോവിഡ്; പകുതിയിലധികവും കേരളത്തിൽ; സംസ്ഥാനത്ത് മുഖ്യമന്ത്രിയും, ആരോഗ്യ വിദഗ്ധരുമായുള്ള പ്രത്യേക യോഗം ഇന്ന്

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,965 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,28,10,845 ആയി. രാജ്യത്തെ പ്രതിദിന രോഗികളിൽ പകുതിയിലേറെയും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 30,203 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 33,964 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,19,93,644 പേർ ഇതുവരെ രോഗമുക്തി നേടി. 3,78,181 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

അതേസമയം സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികളിൽ മാറ്റം വരുമോയെന്ന് ഇന്നറിയാം. കോവിഡ് പ്രതിരോധ രീതിയിൽ പുതിയ മാറ്റങ്ങളറിയാൻ സംസ്ഥാന സർക്കാർ വിദഗ്ദരുമായി ഇന്ന് ചർച്ച നടത്തും. സംസ്ഥാന മെഡിക്കൽ ബോർഡിന് പുറമെ, സർക്കാർ-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർ, വിദഗ്ദർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ, ദുരന്ത നിവാരണ വിദഗ്ദർ എന്നിവർ യോഗത്തിലുണ്ടാകും. എന്നാൽ നിലവിൽ പരിശോധനകൾക്കും ടിപിആറിനും ലോക്ക്ഡൗണിനും പുറകെ പോവുന്നതിന് പകരം മരണസംഖ്യ കുറയ്ക്കുന്നതിന് ഊന്നൽ നൽകിയുള്ള മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്തമാണ്.

പ്രാദേശിക ലോക്ക്ഡൗണുകൾക്ക് പകരം, ചികിത്സാ സംവിധാനങ്ങൾ പ്രതിസന്ധിയിലാകുന്ന ജില്ലകളിൽ മാത്രം ലോക്ക്ഡൗൺ മതിയെന്ന നിർദേശവുമുണ്ട്. വാക്സിനേഷൻ മുന്നേറിയതോടെ ഗുരുതര രോഗികളുടെ എണ്ണം കുറഞ്ഞത് കണക്കിലെടുക്കണമെന്നാണ് പ്രധാന വാദം. വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുക. ഇതിന് ശേഷമായിരിക്കും മന്ത്രിസഭാ യോഗം നടക്കുക. കോവിഡ് സാഹചര്യവും പ്രതിരോധ നടപടികളും മന്ത്രിസഭാ യോഗം വിലയിരുത്തും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles