Sunday, May 26, 2024
spot_img

ശിവശങ്കറിനെ വരിഞ്ഞു മുറുക്കുന്ന തെളിവുകൾ നിരത്തി കസ്റ്റംസ്; ഹൈക്കോടതിയിലെ ഐടി നിയമനങ്ങളിലും എം ശിവശങ്കറിന്റെ ഇടപെടല്‍; രേഖകള്‍ പുറത്ത്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക തെളിവുകള്‍ കോടതിയില്‍. ശിവശങ്കറിനെ സംബന്ധിച്ചുള്ള കൂടുതൽ തെളിവുകളാണ് കസ്റ്റംസ് കോടതിയിൽ നൽകിയത്. തെളിവുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

അതേസമയം ഹൈക്കോടതിയിലെ ഹൈലെവല്‍ ഐടി ടീമിനെ നിയമിച്ചതിലും എം ശിവശങ്കറിന്റെ ഇടപെടല്‍. എം ശിവശങ്കര്‍ കൂടി പങ്കെടുത്ത യോഗമാണ് അഞ്ചംഗ ടീമിനെ നിയമിച്ചത്. അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയായിരുന്നു ഇവരുടെ ശമ്പളം. എന്‍ഐസിക്ക് പകരം അഭിമുഖം മാത്രം നടത്തി കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇവരെ നിയമിച്ച ശേഷം വിവരച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്. നേരത്തെ, സ്പേസ് പാര്‍ക്കില്‍ ശിവശങ്കര്‍ ഇടപെട്ട് സ്വപ്നയെ നിയമിച്ചത് വന്‍ വിവാദമായിരുന്നു.

എന്നാല്‍ കളളക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ വാദം. എന്നാൽ കള്ളക്കടത്തിൽ മാത്രമല്ല, വിദേശത്തേക്ക് ഡോളർ കടത്തിയതിലും ശിവശങ്കർക്ക് പങ്കുണ്ടെന് കസ്റ്റംസ് പറയുന്നു. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധിയും ഇന്നവസാനിക്കുകയാണ്. ഈ കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നും തുടരും.

Related Articles

Latest Articles