Sunday, June 16, 2024
spot_img

വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണം; നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; രാജി വയ്ക്കില്ലെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന മന്ത്രി വി. ശിവൻകുട്ടി തൽസ്ഥാനത്തു നിന്ന് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സർക്കാരിന്‍റെ ഹർജി തള്ളിക്കൊണ്ട് രൂക്ഷമായ വിമർശനമാണ് സുപ്രീം കോടതി കേസിൽ നടത്തിയിരിക്കുന്നത്. വിധി പ്രഖ്യാപനത്തോടെ ഒരു മന്ത്രിയും എംഎൽഎയും ഉൾപ്പെടെ ആറു പേർ വിചാരണ നേരിടേണ്ടതുണ്ട്. പരിപാവനമായ നിയമസഭ തല്ലിത്തകർക്കാൻ നേതൃത്വം നൽകിയ വ്യക്തി മന്ത്രിയായി തുടരുന്നത് നിയമവ്യവസ്ഥയ്ക്കും ധാർമ്മികതയ്ക്കും എതിരാണെന്നും ശിവൻകുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സുപ്രീംകോടതി സ്വീകരിച്ചത് പ്രതിപക്ഷത്തിന്റെ നിലപാടാണെന്നും, അക്രമ സംഭവങ്ങള്‍ക്ക് യാതൊരു പദവിയും ഒഴിവുകഴിവല്ലെന്നും വി.ഡി സതീശൻ പറഞ്ഞു. നിയമസഭയിൽ വച്ച് ഒരു അംഗം മറ്റൊരു അംഗത്തെ കുത്തിക്കൊന്നാല്‍ കേസെടുക്കില്ലേ എന്ന് നേരത്തെ പ്രതിപക്ഷം ചോദിച്ചിരുന്നു.

എന്നാൽ നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന കേരള സർക്കാരിൻ്റെ ആവശ്യം സുപ്രീംകോടതി പൂർണ്ണമായും തള്ളിയിരിക്കുകയാണ്. അതോടൊപ്പം കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കെടി ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ കെ.കുഞ്ഞഹമ്മദ്, ഇപി ജയരാജൻ, സികെ സദാശിവൻ, കെ അജിത്ത് എന്നിവരടക്കം കൈയ്യാങ്കളി കേസിൽ പ്രതികളായ ആറ് നേതാക്കളും കേസിൽ വിചാരണ നേരിടേണ്ടി വരും. നിയമനിര്‍മ്മാണ സഭകളുടെ നിയമപരിരക്ഷ ബ്രിട്ടീഷ് ചരിത്രവുമായി ഒത്തുനോക്കിയ സുപ്രീംകോടതി, ഭയവും പക്ഷഭേദവുമില്ലാതെ പ്രവര്‍ത്തിക്കാനാണ് നിയമസഭാംഗങ്ങള്‍ക്ക് നിയമ പരിരക്ഷ നൽകുന്നതെന്ന് പറഞ്ഞു.

അതോടൊപ്പം നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ ആവശ്യം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് തള്ളിയത്. ജനപ്രതിനിധികൾക്ക് എല്ലായിപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles