Monday, April 29, 2024
spot_img

ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരും: മന്ത്രി വീണാ ജോര്‍ജ്;സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ സുരക്ഷാ ലാബുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനകള്‍ നിര്‍ത്തില്ല. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകില്ല പരിശോധനമകള്‍. അത് നിരന്തരം ഉണ്ടാകും. ഭക്ഷ്യ സുരക്ഷയ്ക്കായുള്ള കലണ്ടര്‍ പരിഷ്‌ക്കരിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഫോട്ടോ ഉള്‍പ്പെടെ അപ് ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പൊതുജനങ്ങളുടെ പരാതികളനുസരിച്ചുള്ള പരിശോധനകളും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ സുരക്ഷാ ലാബുകള്‍ ആരംഭിക്കുന്നതാണ്. നിലവില്‍ 14 ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ സുരക്ഷാ ലാബുകളുണ്ട്. മൂന്ന് ജില്ലകളില്‍ റീജിയണല്‍ ലാബുകളുണ്ട്. ഇതുകൂടാതെ പത്തനംതിട്ടയിലും കണ്ണൂരിലും ഭക്ഷ്യ സുരക്ഷാ ലാബിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതാണ്.

നമ്മുടെ ഭക്ഷണരീതി ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളും കൂടാന്‍ കാരണമാകുന്നു. സംസ്ഥാനത്ത് ഡയാലിസിസ് സെന്ററുകളുടേയും ട്രാന്‍സ്പ്ലാന്റേഷന്‍ സെന്ററുകളുടേയും എണ്ണം രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുകയാണ്. ഈ അവസ്ഥയിലേക്ക് എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നത് വളരെ പ്രധാനമാണ്. ഇതില്‍ അവബോധത്തിന് വലിയ പങ്കുണ്ട്. വ്യക്തികളുടെ ആരോഗ്യത്തില്‍ ഉത്തരവാദിത്വമുള്ള വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. വീട്ടില്‍ നിന്നും പുറത്ത് നിന്നും കഴിക്കുന്നത് ശുദ്ധമായയതും മായം കലരാത്തതുമായ ഭക്ഷണമാണെന്ന് ഉറപ്പാക്കണം. കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തിനും രോഗ പ്രിതരോധശേഷി വര്‍ധിപ്പിക്കുന്നതിനും പ്രധാനമാണ്. ദേശീയ ആരോഗ്യ സൂചികയില്‍ സംസ്ഥാനം തുടര്‍ച്ചയായി ഒന്നാമതാണ്. നമ്മുടെ സ്ഥാനം ഓരോ തവണയും മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജനങ്ങളും ഒപ്പമാണ്. ഭക്ഷ്യ സുരക്ഷയില്‍ വളരെ പ്രധാന ഇടപെടല്‍ നടത്തേണ്ട ഘട്ടമാണ്.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന പേരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ കാമ്പയിന്‍ പൊതു സമൂഹം അംഗീകരിച്ചു. നല്ലമീന്‍ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ മത്സ്യ വിജയിച്ചു. കഴിഞ്ഞ ദിവസം മാത്രം 9,600 കിലോ പഴകിയ മീനാണ് പിടിച്ചെടുത്തത്. 6000ലധികം പരിശോധനകള്‍ കാമ്പയിന്റെ ഭാഗമായി നടത്തി. ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞു. ശക്തമായ നടപടികള്‍ സ്വീകരിച്ചു. മാര്‍ക്കറ്റുകളില്‍ നല്ല മത്സ്യം ലഭിക്കുന്നു എന്നുറപ്പാക്കി. ശര്‍ക്കരയില്‍ മായം കണ്ടെത്തുന്നതിന് ഓപ്പറേഷന്‍ ജാഗറി ആവിഷ്‌ക്കരിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത എല്ലാവരോടും പൊതുസമൂഹത്തോടും നന്ദിയറിയിക്കുന്നു.

ഭക്ഷ്യ സുരക്ഷയില്‍ പൊതുസമൂഹത്തിന് വളരെ വലിയ പങ്കുണ്ട്. നല്ല മാതൃകയുള്ള സുരക്ഷിത ഭക്ഷണം നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കും. വലിയ കടകളെന്നല്ല, ചെറിയ കടകളായാലും വൃത്തിയുള്ള നല്ല ഭക്ഷണം നല്‍കുന്ന കടകളാണ് പ്രധാനം. അത്തരം കടകള്‍ ബെവ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ നാല് ജില്ലകള്‍ക്ക് ഈറ്റ് റൈറ്റ് ചലഞ്ചില്‍ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭക്ഷ്യ ഉത്പാദന, വിതരണ മേഖലയിലുള്ളവരും പൊതുസമൂഹവും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മായമില്ലാത്തതും വൃത്തിയുള്ളതുമായ ഭക്ഷണം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles