Tuesday, December 16, 2025

നിപ വ്യാപനം: എത്രയും വേഗം രോഗ ഉറവിടം കണ്ടെത്തും, സമ്പർക്ക പട്ടിക ഇനിയും കൂടാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കോവിഡിനൊപ്പം സംസ്ഥാനത്ത് വീണ്ടും നിപ പിടിമുറുക്കുകയാണ്. ഇതോടെ കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ, സമ്പർക്ക പട്ടിക ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും രോഗ ഉറവിടം കണ്ടെത്താൻ എല്ലാ തരത്തിലും, എത്രയും വേഗം ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസ്സുകാരൻ നിപ ബാധിച്ച് മരിച്ചത്. ഇന്നലെ 188 കോണ്ടാക്ടുകൾ കണ്ടെത്തി. 20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ് കൂടുതൽ കോണ്ടാക്ടുകൾ ഉണ്ടാവുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. നിലവിൽ കുട്ടിയുടെ അമ്മയ്ക്ക് പനിയുണ്ട്. ഒരു ആരോഗ്യപ്രവർത്തകന് കുട്ടിയെ ചികിത്സിച്ച ദിവസം തന്നെ പനിയുണ്ടായതായി പറയുന്നു. ഹൈ റിസ്ക് കോണ്ടാക്ടിലുള്ള 7 പേരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

എന്നാൽ നിപ ബാധയ്ക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുമെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ചാത്തമംഗലത്ത് ജാഗ്രതാനിർദ്ദേശം നൽകി. നിലവിലെ സാഹചര്യം നിരീക്ഷിക്കാനും മറ്റ് കാര്യങ്ങൾക്കുമായും മന്ത്രിമാർ ഇവിടെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.എന്നാൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണായി പ്രഖ്യാപിച്ചു.

മുക്കം നഗരസഭയിലെ 3 കിലോമീറ്റർ പരിധിയിൽ കണ്ടെയ്‌ൻമെന്റ് സോൺ. കൊടിയത്തൂർ പഞ്ചായത്തിലെ 3 കിലോമീറ്റർ പരിധിയിലും കണ്ടെയ്‌ൻമെന്റ് സോൺ. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ തുറക്കാം. ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുൻസിപ്പാലിറ്റി, പുത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളുമാണ് കണ്ടെയ്‌ൻമെന്റ് സോൺ ആയി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles