Sunday, May 5, 2024
spot_img

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമിടയിൽ മറ വേണം, പെണ്‍കുട്ടികളെ അധ്യാപികമാരോ വൃദ്ധന്മാരോ പഠിപ്പിച്ചാൽ മതി; വിചിത്ര മാർഗരേഖയുമായി താലിബാന്‍

കാബൂൾ: അഫ്ഗാനിൽ പല രീതിയിൽ തങ്ങളുടെ സർവ്വാധികാരം ഊട്ടിയുറപ്പിച്ചു കൊണ്ടിരിക്കുകയാണ് താലിബാൻ. ഇപ്പോഴിതാ അഫ്ഗാനിലെ സ്വകാര്യ സർവ്വകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക മാർഗരേഖ താലിബാൻ പുറത്തിറക്കിയിരിക്കുകയാണ്. വിദ്യാർത്ഥിനികൾ കോളേജിൽ നിർബന്ധമായും മുഖം മറയ്‌ക്കണമെന്നും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറ വേണമെന്നും മാർഗരേഖയിൽ പറയുന്നു.

തിങ്കളാഴ്ച സ്വകാര്യ കോളേജുകൾ തുറക്കാനിരിക്കെയാണ് താലിബാന്റെ പുതിയ ഉത്തരവ്. അതേസമയം ഉത്തരവ് എല്ലാ കോളേജുകൾക്കും ബാധകമാകുമെന്നും താലിബാൻ ചൂണ്ടിക്കാട്ടുന്നു. സർവ്വകലാശാലകളിൽ പഠിക്കുന്ന പെൺകുട്ടികൾ നിർബന്ധമായും മുഖം മറയ്‌ക്കുന്ന രീതിയിലുള്ള ഹിജാബ് ധരിക്കണം. ആൺകുട്ടികളേയും പെൺകുട്ടികളേയും വേറെ വേറെ ക്ലാസുകളിൽ ഇരുത്തണം. ഇവർക്കിടയിൽ നിർബന്ധമായും മറയുണ്ടായിരിക്കണം.

എന്നാൽ പെൺകുട്ടികളെ വനിതാ അധ്യാപികമാർ മാത്രമേ പഠിപ്പിക്കാൻ പാടുള്ളൂ. അത്തരത്തിൽ യോഗ്യരായ സ്ത്രീ അധ്യാപകരെ കിട്ടിയില്ലെങ്കിൽ ‘നല്ല സ്വഭാവക്കാരായ’ വൃദ്ധന്മാരെക്കൊണ്ട് പഠിപ്പിക്കണമെന്നും താലിബാൻ മാർഗരേഖയിൽ പറയുന്നു. അതേസമയം സർവകലാശാലകൾക്ക് അവരുടെ സംവിധാനങ്ങൾക്കനുസരിച്ച് വിദ്യാർത്ഥിനികൾക്ക് വേണ്ടി വനിതാ അധ്യാപികമാരെ നിയമിക്കാം. എന്നാൽ താലിബാൻ പുറത്തിറക്കിയ ഉത്തരവ് പാലിക്കുന്നത് എളുപ്പമല്ലെന്ന് ഒരു സർവ്വകലാശാല പ്രൊഫസർ വ്യക്തമാക്കി. ആവശ്യത്തിനുള്ള വനിതാ അധ്യാപകർ കോളേജുകളിലില്ല. മാത്രവുമല്ല, ആൺകുട്ടികളേയും പെൺകുട്ടികളേയും മാറ്റിയിരുത്തി പഠിപ്പിക്കാൻ മാത്രമുള്ള സംവിധാനങ്ങളും കോളേജുകളിലില്ല. എങ്കിലും പെൺകുട്ടികളെ സ്‌കൂളുകളിലും കോളേജുകളിലും അയക്കാൻ താലിബാൻ സമ്മതിക്കുന്നു എന്നത് വലിയ കാര്യമാണെന്നാണ് ആ അധ്യാപകൻ പറഞ്ഞത്.

മറ്റ് വ്യവസ്ഥകൾ ഇങ്ങനെ

ആൺകുട്ടികളേക്കാൾ അഞ്ച് മിനിറ്റ് മുമ്പ് തന്നെ പെൺകുട്ടികളെ വീടുകളിലേക്ക് അയക്കണം.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രവേശന കവാടങ്ങൾ കോളേജിൽ ഉണ്ടായിരിക്കണം.

പെൺകുട്ടികളും ആൺകുട്ടികളുമായി ഇടകലരുന്ന യാതൊരു സാഹചര്യവും കോളേജുകളിൽ ഉണ്ടായിരിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles