Monday, September 21, 2026

വേങ്ങര ഗാർഹിക പീഢനം: പ്രതി മുഹമ്മദ് ഫായിസ് വിദേശത്തേക്ക് കടന്നത് പോലീസിന്റെ അനാസ്ഥകാരണമെന്ന് ആരോപണം; വിവാഹം നടന്ന ആഴ്ചമുതൽ മർദ്ദനത്തിന് ഇരയായെന്ന് നവവധുവിന്റെ വെളിപ്പെടുത്തൽ; ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം

മലപ്പുറം: വേങ്ങരയിൽ നവവധു ഗാർഹിക പീഢനത്തിൽ ഇരയായ കേസിൽ പ്രതി മുഹമ്മദ് ഫായിസ് വിദേശത്തേക്ക് കടന്നത് പോലീസിന്റെ അനാസ്ഥകാരണമെന്ന ആരോപണവുമായി കുടുംബം. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വനിതാ കമ്മീഷന്റെയും പോലും ശ്രദ്ധയിൽ വന്ന കേസാണിത്. നടപടികൾ സ്വീകരിക്കാത്ത കാരണമാണ് പ്രതി വിദേശത്തേക്ക് കടന്നതെന്നുമാണ് പരാതി. അതേസമയം വിവാഹം കഴിഞ്ഞ ആഴ്ചമുതൽ തന്നെ പ്രതി മുഹമ്മദ് ഫായിസ് തന്നെ മർദ്ദിച്ചിരുന്നുവെന്നും തലയിണ ഉപയോഗിച്ച് മുഖമമർത്തി തന്നെ വധിക്കാൻ ശ്രമിച്ചിരുന്നതായും കേബിളുകൾ ഉപയോഗിച്ച് മർദ്ദിച്ചിരുന്നതായും ഭർത്താവിന്റെ വീട്ടുകാർ ഇത് നോക്കിനിന്നതായും മർദ്ദന വിവരം പുറത്തുപറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും വെളിപ്പെടുത്തി പെൺകുട്ടിയും രംഗത്തുവന്നിരുന്നു. പ്രതി മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. വിദേശത്തുപോയ പ്രതിക്കെതിരെ പോലീസ് നടപടിയെടുക്കാൻ വൈകുന്ന സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും പെൺകുട്ടി പറയുന്നു.

മെയ് രണ്ടാം തീയതിയാണ് പരാതിക്കാരിയും മുഹമ്മദ് ഫായിസും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറാംനാള്‍ മുതല്‍ ഫായിസ് ഉപദ്രവം ആരംഭിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നവവധുവിന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങിയെത്തിയശേഷമാണ് ഉപദ്രവം തുടങ്ങിയത്. എല്ലാകാര്യങ്ങളിലും പ്രതിക്ക് സംശയമായിരുന്നു. നവവധുവിനൊപ്പം പഠിക്കുന്നവരെയും സുഹൃത്തുക്കളായ പെണ്‍കുട്ടികളെപ്പോലും സംശയത്തോടെയാണ് കണ്ടത്. ആണ്‍സുഹൃത്തുണ്ടെന്ന് പറഞ്ഞും ഇയാള്‍ ഭാര്യയെ മര്‍ദിച്ചു.

വിവാഹത്തിന് നല്‍കിയ സ്വര്‍ണം 25 പവന്‍ പോലും ഇല്ലെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്. മൊബൈല്‍ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ അടക്കം ഉപയോഗിച്ച് ആക്രമിച്ചു. കൈകാലുകളിലും അടിയേറ്റു. ഒരിക്കല്‍ ചെവിക്ക് അടിയേറ്റതിന് പിന്നാലെ കേള്‍വിശക്തി തകരാറിലായെന്നും നവവധുവിന്റെ പരാതിയിലുണ്ട്.ഭാര്യയ്ക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞും തനിക്ക് നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞും പ്രതി മര്‍ദനം തുടര്‍ന്നതായും പരാതിയിലുണ്ട്.

Related Articles

Latest Articles