Monday, June 10, 2024
spot_img

വെങ്ങല്ലൂരിൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസ്: സഹോദരി ഭർത്താവ് റിമാൻഡിൽ

തൊടുപുഴ: വെങ്ങല്ലൂരില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊടുപുഴ വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമയാണ് മരിച്ചത്. ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഖബറടക്കി. സഹോദരീഭര്‍ത്താവി‍െന്‍റ വെട്ടേറ്റാണ് ഹലീമ മരിച്ചത്. കൊലപാതകത്തിനുശേഷം പ്രതി ഷംസുദ്ദീൻ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സിക്കു സമീപം ഹലീമ വെട്ടേറ്റുമരിച്ചത്. ഭാര്യ ഹഫ്‌സയുമായി ഷംസുദ്ദീന്‍ അകന്നുകഴിയുകയായിരുന്നു. ഇവരെ തിരികെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഹലീമ അതിന് തടസ്സം നിന്നു. തുടർന്ന് ഇയാൾക്ക് ഇവരോട് വൈരാഗ്യമുണ്ടാകുകയും ചെയ്തു. ഇതിന്റെ പേരില്‍ ഹലീമയെയും മക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഹലീമ വെങ്ങല്ലൂരിന് സമീപം പുതിയ വീട് നിര്‍മിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ രാത്രി സഹോദരി ഷൈലയുടെ വീട്ടിലാണ് കിടന്നിരുന്നത്.

ഇതെല്ലാമറിയാവുന്ന പ്രതി ഒരാഴ്ചയായി ഇവര്‍ പോകുന്ന വഴിയിലെ കാത്തുനിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സഹോദരിയും ഒപ്പമുണ്ടായിരുന്നതിനാല്‍ ആക്രമണം നടന്നില്ല. വ്യാഴാഴ്ച രാത്രി ഒറ്റക്ക് വീട്ടിലേക്ക് മടങ്ങിയ ഹലീമയെ ഷംസുദ്ദീന്‍ വാക്കത്തി ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. പ്രതിയെ കൊലപാതകം നടന്ന സ്ഥലത്തുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഡിവൈ.എസ്.പി എ.ജി. ലാല്‍, സി.ഐ വി.സി. വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Related Articles

Latest Articles