Thursday, May 16, 2024
spot_img

അർജുൻ തെൻഡുൽക്കറുടെ അരങ്ങേറ്റ മത്സരത്തിൽ വെങ്കടേഷ് അയ്യരുടെ കംപ്ലീറ്റ് ഷോ ; മുംബൈയ്ക്ക് വിജയലക്ഷ്യം 186

മുംബൈ : സ്വന്തം തട്ടകമായ വാങ്കഡേ സ്റ്റേ‍ഡിയത്തിൽ പിതാവ് സച്ചിൻ തെൻഡുൽക്കറെ സാക്ഷിയാക്കി ഐപിഎലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി മകൻ അർജുൻ തെൻഡുൽക്കറുടെ അരങ്ങേറിയ മത്സരത്തിൽ പക്ഷെ ആരാധകഹൃദയം കീഴടക്കിയത് വെങ്കടേഷ് അയ്യർ. 51 പന്തിൽ 104 റൺസാണ് അയ്യർ കൊൽക്കത്തയ്ക്ക് വേണ്ടി അടിച്ചെടുത്തത്.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത, വെങ്കടേഷ് അയ്യരുടെ സെഞ്ചുറിക്കരുത്തിൽ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. മുംബൈയ്ക്കെതിരെ വാങ്കഡേയിൽ കൊൽക്കത്തയുടെ ഉയർന്ന ടോട്ടലാണിത്.

രോഹിത്തിന്റെ അഭാവത്തിൽ മുംബൈ ഇന്ത്യൻസ് നായകനായ സൂര്യകുമാർ യാദവ് ടോസ് നേടി കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പവർപ്ലേയ്ക്കുള്ളിൽ തന്നെ ഓപ്പണർമാരായ എൻ.ജഗദീശൻ (പൂജ്യം), റഹ്മാനുള്ള ഗുർബാസ് (12 പന്തിൽ 8) എന്നിവരെ നഷ്ടമായതോടെ കൊൽക്കത്ത പരുങ്ങലിലായി. എന്നാൽ മൂന്നാമനായി ഇറങ്ങിയ വെങ്കടേഷ് അയ്യർ കൊൽക്കത്തയുടെ സ്വപ്‌നങ്ങൾ ചുമലിലേറ്റുകയായിരുന്നു. എന്നാൽ ടീമിലെ മറ്റാർക്കും കാര്യമായ പിന്തുണ നൽകാനായില്ല. ഒൻ‌പതും സിക്സും ആറു ഫോറും അടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിങ്സ്.

ക്യാപ്റ്റൻ നിതീഷ് റാണ (10 പന്തിൽ 5), ശാർദൂൽ ഠാക്കൂർ (11 പന്തിൽ 13), കഴിഞ്ഞ മത്സരത്തിലെ ഹീറോ റിങ്കു സിങ് (18 പന്തിൽ 18), ആൻദ്രെ റസ്സൽ (11 പന്തിൽ 21), സുനിൽ നരെയ്ൻ (2 പന്തിൽ 2) എന്നിവർക്കും കാര്യമായി തിളങ്ങാനായില്ല. മുംബൈക്കായി പന്തെറിഞ്ഞ അർജുൻ തെൻഡുൽക്കർ ഒഴികെയുള്ള ബൗളർമാരെല്ലാം വിക്കറ്റ് നേടി. ഹൃത്വിക് ഷൗക്കീൻ രണ്ടും കാമറൂൺ ഗ്രീൻ, ഡൗൻ ജാൻസെൻ, പീയൂഷ് ചൗള, റിലേ മെറെഡിത്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Related Articles

Latest Articles