Friday, May 10, 2024
spot_img

കോവിഡ് പ്രതിരോധത്തില്‍ മാധ്യമ പ്രവർത്തകരുടെ സേവനത്തെ പ്രകീർത്തിച്ച് ഉപരാഷ്ട്രപതി

ദില്ലി: മനുഷ്യരാശിയെ ആകെ ബാധിച്ച വന്‍ പ്രതിസന്ധിയായ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കാനും ശാക്തീകരിക്കാനും മാധ്യമങ്ങള്‍ നല്ല പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് രക്തസാക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് കേരള മീഡിയ അക്കാദമി അര്‍പ്പിക്കുന്ന പ്രണാമം പരിപാടിയിലെ സന്ദേശത്തിലാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

മഹാമാരിയെ പ്രതിരോധിക്കാന്‍ ജനങ്ങളെയും സര്‍ക്കാരുകളേയും ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവര്‍ത്തിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍. ശരിയായ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം വ്യാജവാര്‍ത്തകളെ തുറന്നുകാട്ടുകയും ചെയ്യുന്നു. ഇങ്ങനെ ഇരട്ട ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. മണ്‍മറഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ അനുകരണീയമായ കര്‍മ്മോത്സുകതയും തൊഴിലിനോടുള്ള ആത്മാര്‍ത്ഥയും മറക്കാന്‍ പാടില്ലെന്നും ഉപരാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ പ്രാണന്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉപരാഷ്ട്രപതി അനുശോചനം അറിയിച്ചു.

35 രാജ്യങ്ങളിലായി ഇരുന്നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ കോവിഡിനിരയായി ഇതിനകം മരിച്ചു. ഇന്ത്യയില്‍ മരിച്ചത് 10 പേരാണ്. ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തി കോവിഡ് വാര്‍ത്തകള്‍ ശേഖരിച്ച മാധ്യമപ്രവര്‍ത്തകരാണ് മരിച്ചവരില്‍ മൂന്നില്‍ രണ്ട് ഭാഗം. 93 പേര്‍ മരിച്ച ലാറ്റിനമേരിക്കയിലാണ് കൂടുതല്‍ മരണം. യൂറോപ്പില്‍ ഇരുപത്തിയാറും, ഏഷ്യയില്‍ മുപ്പത്തി നാലും മരണം. രണ്ട് പുലിസ്റ്റര്‍ സമ്മാന ജേതാക്കളടക്കം 14 പേര്‍ അമേരിക്കയില്‍ കോവിഡിന് ഇരയായി.

Related Articles

Latest Articles