Sunday, September 20, 2026

ഇരകളുടെ സ്വകാര്യത ഉറപ്പാക്കണം! പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസ്

ജെഡിഎസ് നേതാവും ഹാസൻ സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസെടുക്കുമെന്ന് പ്രത്യേത അന്വേഷണ സംഘം. ഇരകൾളുടെ സ്വകാര്യത ഉറപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം. ദൃശ്യങ്ങള്‍ പങ്കുവച്ചാലോ ഡൗൺലോഡ് ചെയ്താലോ ഐടി ആക്ട് 67 (എ) പ്രകാരമാകും കേസെടുക്കുക. ദൃശ്യ മാദ്ധ്യമങ്ങൾ ഇരകളുടെ പേരോ തിരിച്ചറിയാവുന്ന മറ്റേതെങ്കിലും വിവരങ്ങളോ പങ്കുവച്ചാലും കേസെടുക്കും

രണ്ടായിരത്തിലധികം ക്ലിപ്പുകളാണ് ഇതിനോടകം തന്നെ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ നിരവധി സ്ത്രീകള്‍ പീഡനത്തിനിരയാകുന്ന ദൃശ്യങ്ങളുണ്ട്. ഇവ കര്‍ണാടകയില്‍ പ്രചരിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്‍റെ പുതിയ അറിയിപ്പ് വരുന്നത്.

ആരോപണമുയർന്നതിന് പിന്നാലെ പ്രജ്വല്‍ രാജ്യം വിട്ടെങ്കിലും അച്ഛൻ രേവണ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. ജർമ്മനിയിലേക്ക് കടന്ന പ്രജ്വൽ നിലവിൽ ദുബായിലാണെന്നാണ് വിവരം.

ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെയാണ് പ്രജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടത്. പ്രജ്വലിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. അതേസമയം രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

Related Articles

Latest Articles