Saturday, May 4, 2024
spot_img

രാജ്യസഭാ തെരെഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി നേടിയത് അട്ടിമറി ജയം; ദേവേന്ദ്ര ഫഡ്നാവിസിന്റെ ചാണക്യതന്ത്രത്തിൽ ഭരണപക്ഷത്തുനിന്ന് മറിഞ്ഞത് പത്ത് വോട്ടുകൾ; മഹാരാഷ്ട്രയിലും ഓപ്പറേഷൻ താമരക്ക് കേന്ദ്രം പച്ചക്കൊടി കാട്ടുമോ ?

മുംബൈ: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രാജ്യസഭാ തെരെഞ്ഞെടുപ്പിൽ മിക്ക സംസ്ഥാനങ്ങളിലും ബിജെപി മിന്നും ജയമാണ് നേടിയത്. മഹാരാഷ്ട്ര, ഹരിയാന, കർണ്ണാടകാ സംസ്ഥാനങ്ങളിൽ മൂന്നുവീതം ബിജെപി സ്ഥാനാർത്ഥികളാണ് ജയിച്ചു കയറിയത്. ഈ മൂന്നു സംസ്ഥാനങ്ങളിലെയും അംഗബലമനുസരിച്ച് പാർട്ടിക്ക് ഈരണ്ട് അംഗങ്ങളെ മാത്രമേ വിജയിപ്പിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ മറുപക്ഷത്തു നിന്നുകൂടി വോട്ടുകൾ നേടി ബിജെപി യുടെ മൂന്നാം സ്ഥാനാർത്ഥികൾ ഈ സംസ്ഥാനങ്ങളിൽ അട്ടിമറി വിജയം നേടിയിരുന്നു. ഇത് നരേന്ദ്രമോദിയുടെ കാര്യങ്ങൾക്ക് ശക്തി പകരുന്ന വിജയങ്ങളാണ്. ഇതോടെ ബിജെപി രാജ്യസഭയിൽ 126 സീറ്റുകളോടെ ഭൂരിപക്ഷം നേടി ചരിത്രം സൃഷ്ടിച്ചു.

മഹാരാഷ്ട്രയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിന് പാർട്ടി ഒരുങ്ങിയത് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലായിരുന്നു. 288 അംഗ നിയമസഭയിൽ എൻ ഡി എ ക്ക് 113 സീറ്റുകളാണുള്ളത്. 41 വോട്ടുകളാണ് ഒരു സ്ഥാനാർത്ഥിയുടെ വിജയത്തിനാവശ്യം. രണ്ടു സ്ഥാനാർത്ഥികളുടെ വിജയം മാത്രമേ ബിജെപിക്ക് ഉറപ്പിക്കാൻ കഴിയു. മൂന്നാം സ്ഥാനാർത്ഥിക്ക് 10 വോട്ടുകളുടെ കുറവുണ്ട്. അതേസമയം 169 സീറ്റുകളുള്ള ഭരണപക്ഷത്തിന് മൂന്നുപേരെ നിഷ്പ്രയാസം വിജയിപ്പിക്കാമായിരുന്നു. എന്നാൽ ചെറു ഘടക കക്ഷികളെയും സ്വതന്ത്രരെയും അടർത്തിയെടുക്കുന്നതിൽ ഫഡ്‌നാവിസ് വിജയിച്ചതോടെ ബിജെപി സ്ഥാനാർത്ഥി അട്ടിമറി വിജയം നേടി. ഭരണപക്ഷത്ത് വിള്ളലുണ്ടാക്കി കൂടുതൽ എം എൽ എ മാരെ ഒപ്പം ചേർക്കാൻ കഴിയുമെന്ന ആത്മവിശ്വാസം സംസ്ഥാന നേതൃത്വത്തിന് ഉണ്ടെങ്കിൽ കേന്ദ്രം മഹാരാഷ്ട്രയിലും ഓപ്പറേഷൻ താമരക്ക് പച്ചക്കൊടി കാട്ടുമെന്നാണ് വിലയിരുത്തൽ.

കർണ്ണാടകയിലും ഹരിയാനയിലും സമാനമായ അട്ടിമറി വിജയങ്ങളാണ് ബിജെപി സ്ഥാനാർത്ഥികൾ നേടിയത്. ഹരിയാനയിൽ കോൺഗ്രസിന്റെ ദേശീയ മുഖം അജയ് മാക്കനെ അട്ടിമറിക്കാൻ കഴിഞ്ഞത് ബിജെപി യുടെ ആത്മവിശ്വാസം വല്ലാതെ വർധിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles