Monday, January 5, 2026

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌; കണക്കില്‍പ്പെടാത്ത 9.65 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു

പാലക്കാട്: തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി ഹംസയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 9.65 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. നിരവധി ഭൂമിയിടപാടിന്‍റെ രേഖകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്നുളള പ്രത്യേക സംഘമാണ് പാലക്കാട്ടെത്തി പരിശോധന നടത്തിയത്.

അനധികൃത സ്വത്ത് സമ്പാദനം, അഴിമതി എന്നിവയെക്കുറിച്ച്‌ നിരവധി പരാതികള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് റെയ്‍ഡ്. എറണാകുളം വിജിലന്‍സ് പ്രത്യേക കോടതി വി ഹംസക്കെതിരെ കേസെടുത്തെന്നാണ് സൂചന.

ഇതിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ടി യു സജീവന്‍റെ നേതൃത്വത്തിലാണ് 10 മണിക്കൂറോളം പാലക്കാട് ഒതുങ്ങോടുള്ള വീട്ടില്‍ പരിശോധന നടത്തിയതെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

23.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍, ചിറ്റൂര്‍, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി എന്നിവങ്ങളിലെ ഭൂമിയിടപാട് സംബന്ധിച്ച രേഖകള്‍, ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര വാച്ച്‌ എന്നിവ വിജിലന്‍സ് സംഘം കണ്ടെടുത്തു. പാലക്കാട്ടും തിരുവനന്തപുരത്തും ഇയാള്‍ വാങ്ങിക്കൂട്ടിയ വീടുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

Related Articles

Latest Articles