Saturday, May 11, 2024
spot_img

വാളയാറിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു; പണത്തിനു പുറമെ കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങുന്നത് പച്ചക്കറിയും പഴങ്ങളും

വാളയാർ: വാളയാറിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ് (Vigilance Raid In Walayar Checkpost). മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു. പാലക്കാട് നിന്നുള്ള വിജിലൻസ് സംഘമാണ് മിന്നൽ പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണ കുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഉദ്യോ​ഗസ്ഥർ ശേഖരിക്കുന്ന പണം ഓഫീസിൽ നിന്ന് പുറത്തു കടത്താൻ ഏജന്റുണ്ടെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ ഏജന്റിന് കൈമാറിയ പണമാണ് വിജിലൻസ് പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വിജിലൻസ് സംഘം വേഷം മാറി പരിശോധനയ്ക്കെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആർടിഒ ചെക്ക് പോസ്റ്റിൽ അഞ്ച് ഉദ്യോ​ഗസ്ഥർ ഡ്യൂട്ടി മാറി കയറിയത്.

എട്ട് മണി മുതൽ പുലർച്ചെ രണ്ട് മണി വരെയുള്ള സമയത്തിനുള്ളിലാണ് ഇത്രയും പണം കൈക്കൂലിയായി ഉദ്യോ​ഗസ്ഥർ വാങ്ങിയതെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി. ഇന്നലെ രാവിലെ പത്ത് മണി മുതൽ രാത്രി 12 മണി വരെ സർക്കാരിന് റവന്യൂ വരുമാനമായി ലഭിച്ചത് 69,350 രൂപ മാത്രമാണ്.

അതേസമയം വിജിലൻസ് സംഘം മിന്നൽ പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് ഇവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. മറ്റൊരു ഉദ്യോ​ഗസ്ഥൻ അടുത്തുള്ള ആശുപത്രിയിലും അഭയം തേടി. ഇവരെ വിജിലൻസ് പിന്തുടർന്ന് പിടികൂടി. പണം കൂടാതെ അതിർത്തി കടന്നെത്തുന്ന പച്ചക്കറി, പഴങ്ങൾ എന്നിവയും ഉദ്യോ​ഗസ്ഥർ കൈക്കൂലിയായി വാങ്ങാറുണ്ടെന്നാണ് കണ്ടെത്തൽ.

Related Articles

Latest Articles