Thursday, October 8, 2026

ബലാത്സംഗ കേസിൽ വിജയ് ബാബുവിൽ നിന്നും വിശദീകരണം തേടി താരസംഘടനയായ അമ്മ; തുടര്‍ നടപടി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച്ച എക്‌സിക്യൂട്ടീവ് യോഗം ചേരാൻ സാധ്യത

കൊച്ചി: ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് വിശദീകരണം തേടി താരസംഘടനയായ അമ്മ. വിഷയത്തില്‍ തുടര്‍ നടപടി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച്ച എക്‌സിക്യൂട്ടീവ് യോഗം ചേരാനാണ് സാധ്യത. വിജയ് ബാബു നല്‍കുന്ന വിശദീകരണം എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച ചെയ്യാം.

വിഷയത്തില്‍ തുടര്‍ നടപടികള്‍ക്കായി സംഘടന നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം, ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വേണ്ടി വന്നാല്‍ വിജയ് ബാബുവിനെ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിക്കുകയും ചെയ്തു . കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തില്‍ കാലതാമസമുണ്ടായിട്ടില്ല. 22 ന് പരാതി ലഭിച്ചു. അന്ന് തന്നെ കേസെടുത്തു. വിജയ് ബാബു ഇരയെയും സാക്ഷികളെയും സ്വാധീനിക്കാതിരിക്കാന്‍ നടപടിയെടുത്തുവെന്നും സ്വാധീനിച്ചാല്‍ വേറെ കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles