Wednesday, December 31, 2025

ഇന്ന് വിജയദശമി, നവരാത്രിയിലെ പുണ്യദിനം ; ക്ഷേത്രങ്ങളില്‍ അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരകണക്കിന് കുരുന്നുകള്‍

ഇന്ന് വിജയദശമി, നവരാത്രിയിലെ പുണ്യദിനം ; ക്ഷേത്രങ്ങളില്‍ അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരകണക്കിന് കുരുന്നുകള്‍

മഹാനവമിയിലെ പൂജയവെയ്‌പ്പിൽ നിന്നു ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്കു തുറക്കുന്ന ദിനമാണ് വിജയദശമി. നവരാത്രിയുടെ ആദ്യ മൂന്ന് ദിവസങ്ങളില്‍ സംഹാര ശക്തിയായ ദുര്‍ഗയേയും , തൊട്ടടുത്ത മൂന്ന് ദിവസങ്ങളില്‍ അഷ്ട ഐശ്വര്യവും നല്‍കുന്ന ലക്ഷ്മിയേയും , അവസാന മൂന്ന് ദിനങ്ങളില്‍ അക്ഷരാഗ്നിയുടെ ദേവതയായ സരസ്വതിയേയുമാണ് പൂജിക്കുക .

ഒന്‍പതുദിനങ്ങള്‍ ദേവിയെ പൂജിച്ചതിനു ശേഷം പൂര്‍വ്വാധികം ശക്തനായ ശ്രീരാമന്‍ രാവണ നിഗ്രഹം ചെയ്തതും വിജയദശമി നാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ദുര്‍ഗപൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് വിജയദശമി. അസുരചക്രവര്‍ത്തിയായ മഹിഷാസുരൻ്റെ ക്രൂരതകളാല്‍ പൊറുതിമുട്ടിയപ്പോള്‍ ആദിപരാശക്തി ശക്തിസ്വരൂപിണിയായ ദുര്‍ഗ്ഗയായി അവതരിച്ച്‌ മഹിഷാസുരനെ വധിച്ചതും ഇതേ ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു .
രാജ്യത്തിൻ്റെ പല ഭാഗങ്ങളിലെ വിജയദശമി ആഘോഷങ്ങളിലും പല മാറ്റങ്ങളുമുണ്ട് . ചില സ്ഥലങ്ങളില്‍ ദുര്‍ഗാ ദേവിയുടെ ബിംബം നദിയിലോ , ജലാശയത്തിലോ ഒഴുക്കുന്ന ചടങ്ങും നടത്താറുണ്ട് . പടക്കങ്ങള്‍ നിറച്ച രാവണൻ്റെയും ,കുംഭകര്‍ണ്ണന്റെയും, ഇന്ദ്രജിത്തിന്റെയും കോലങ്ങള്‍ക്ക് തീ കൊളുത്തുന്നതും പ്രധാന ചടങ്ങാണ് .

കേരളത്തില്‍ ജ്ഞാന ദേവതയായ സരസ്വതിയെയാണ് പൂജിക്കുന്നത് . ആചാര്യന്മാര്‍ ധാന്യത്തില്‍ ഹരിശ്രീ കുറിപ്പിക്കുന്ന കുരുന്നുകള്‍ ഏറ്റുവാങ്ങുന്നത് വാഗ്ദേവതയുടെ വരദാനമാണ്. അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്ന കുരുന്നുകള്‍ ഇന്ന് ആദ്യാക്ഷരം കുറിക്കും.

Related Articles

Latest Articles