Friday, May 3, 2024
spot_img

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

കോങ്ങാട്: വില്ലേജ് ഒന്ന് ഓഫിസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കൈക്കൂലി വാങ്ങിയ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയിലായി. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റുമാരായ പറളി ചന്തപ്പുര മനോജ് കുമാര്‍ (48), പാലക്കാട് കൊപ്പം പ്രസന്നന്‍ (50) എന്നിവരാണ് പിടിയിലായത്.

കോങ്ങാട് ചെല്ലിക്കല്‍ വെള്ളെക്കാട് കുമാരന്‍റെ 16 സെന്‍റ് സ്ഥലത്തിന് പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സ്ഥലം പരിശോധിച്ച്‌ രണ്ട് തവണകളായി 5000 രൂപ കൈപ്പറ്റി. വ്യാഴാഴ്ച രാവിലെ കോങ്ങാട് വില്ലേജ് ഓഫിസില്‍ വെച്ച്‌ അരലക്ഷം രൂപ രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്ന് വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.

പരിശോധനക്ക് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി ഷംസുദ്ദീന്‍, ഇന്‍സ്പെക്ടര്‍മാരായ എം.യു. ബാലകൃഷ്ണന്‍, എ.ജെ. ജോണ്‍സണ്‍, എസ്.ഐ ബി. സുരേന്ദ്രന്‍, എ.എസ്.ഐമാരായ മനോജ് കുമാര്‍, വിനു, എം. സലീം, ബിജു, എസ്.സി.പി.ഒമാരായ പി.ആര്‍. രമേശ്, രതീഷ്, സി.പി.ഒമാരായ പ്രമോദ്, ബാലകൃഷ്ണന്‍, മനോജ്, സന്തോഷ്, ഗസറ്റഡ് ഓഫിസര്‍മാരായ എരുത്തേമ്ബതി ഐ.എസ്.ഡി.ഫാം സൂപ്രണ്ട് ആറുമുഖ പ്രസാദ്, പെരിങ്ങോട്ടുകുര്‍ശ്ശി കൃഷി ഓഫിസര്‍ ഉണ്ണി റാം എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

ഇവരുടെ വീടുകളിലും വിജിലന്‍സ് പരിശോധിച്ചു. അറസ്റ്റിലായ പ്രതികളെ ആരോഗ്യ പരിശോധനക്ക് ശേഷം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

Related Articles

Latest Articles