കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റിൽ. തെളിവുകൾ നശിപ്പിച്ച കുറ്റത്തിനാണ് വിഐപി എന്ന് വിളിക്കുന്ന ശരത്തിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ എത്തിച്ചത് ശരത്താണ്. ആലുവയിലെ ഹോട്ടൽ ഉടമയാണ് ശരത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും ശരത്ത് പ്രതിയാണ്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസിൽ ശരത്തിനെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി വിഐപി ദിലീപിന് കൈമാറിയെന്നായിരുന്നു വെളിപ്പെടുത്തൽ. ഊർജ്ജിത അന്വേഷണത്തിന് ശേഷമാണ് ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ആരെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
എന്നാൽ നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റാണ് ശരത്തിന്റേത്. 2018 നവംബർ 15 ന് നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ശരത്ത് ടാബിലാക്കി ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തി കൈമാറിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ആലുവ പോലീസ് ക്ലബ്ബിൽ ശരത്തിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിച്ച് വയ്‌ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇവ രണ്ടും നിസ്സാര വകുപ്പായതിനാൽ ശരത്തിനെ ഉടൻ ജാമ്യത്തിൽ വിടുമെന്നാണ് പുറത്തുവരുന്ന വിവരം.

