Monday, May 13, 2024
spot_img

സഹസ്ര കോടീശ്വരനായി വിരാട് കോഹ്ലി; സ്റ്റോക് ഗ്രോ റിപ്പോർട്ട് പുറത്ത് വന്നു

മുംബൈ : ഇന്ത്യൻ ക്രിക്കറ്റിന്റെ രാജാവ് എന്നറിയപ്പെടുന്ന വിരാട് കോഹ്ലിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം ആയിരം കോടി കടന്ന് കുതിക്കുന്നതായി സ്റ്റോക് ഗ്രോ റിപ്പോർട്ട്. സ്റ്റോക് ഗ്രോ പുറത്തുവിട്ട കണക്കു പ്രകാരം കോഹ്ലിയുടെ സ്വത്തിന്റെ മൂല്യം നിലവിൽ 1050 കോടി രൂപയാണ്. ബിസിസിഐയുടെ വാർഷിക ശമ്പളമായി താരത്തിന് ലഭിക്കുന്നത് ഏഴു കോടി രൂപയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ‌ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ കോഹ്‌ലിക്ക് ഒരു സീസണിന് 15 കോടി രൂപയാണ് ഫ്രാഞ്ചെസി നൽകുന്നത്. ഇതിനു പുറമേ കളിക്കുന്ന ഓരോ മത്സരങ്ങൾക്കും മാച്ച് ഫീസ് വേറെ ലഭിക്കും.നിലവിൽ സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ മാത്രം 250 ദശലക്ഷത്തിലേറെ പേരാണ് വിരാട് കോഹ്‌ലിയെ പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിലൂടെ കോഹ്ലി നേടുന്നത് 8.90 കോടി രൂപയാണ്. ഒരു ട്വീറ്റിന് 2.50 കോടിയും സൂപ്പർ താരം നേടുന്നുണ്ട്.

എട്ട് സ്റ്റാർട്ടപ്പുകളിൽ കോഹ്ലി നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പതിനെട്ടിലേറെ ബ്രാൻഡുകളുമായി കോഹ്ലിക്ക് കരാറുണ്ട്. ബ്രാൻഡുകളുടെ പരസ്യങ്ങൾക്കായി ഒരു ദിവസത്തിന് 7.5 കോടി മുതൽ 10 കോടി രൂപവരെ കോഹ്ലിക്കു നൽകണം. മുംബൈയിലും ഗുരുഗ്രാമിലുമുള്ള കോഹ്‌ലിയുടെ വീടുകളുടെ മൂല്യം 100 കോടിക്കു മുകളിലാണ്. ഒരു ടെസ്റ്റ് മത്സരത്തിന് താരത്തിന്റെ ഫീസ് 15 ലക്ഷം രൂപയാണ്. ഏകദിനത്തിൽ ആറും ട്വന്റി20യില്‍ മൂന്നു ലക്ഷം രൂപയും കിട്ടും. ഇന്ത്യൻ സൂപ്പര്‍ ലീഗിൽ എഫ്സി ഗോവ ടീമിൽ പങ്കാളിത്തമുണ്ട്. ഇതിനു പുറമേ ടെന്നിസിലും ഗുസ്തിയിലും കോഹ്ലിക്ക് ടീമുകളുണ്ട്. 31 കോടിയോളം മൂല്യമുള്ള ആഡംബര കാറുകളും താരത്തിന്റെ ഗാരേജിൽ നിരന്ന് കിടപ്പുണ്ട്.

Related Articles

Latest Articles