Sunday, May 19, 2024
spot_img

വിഴിഞ്ഞം പദ്ധതി പൂർത്തീകരിക്കാൻ സർക്കാർ താല്പര്യം കാണിക്കാത്തതെന്തുകൊണ്ട് ? I Vizhinjam Port Project

ഏതാണ്ട് അര നൂറ്റാണ്ടുകാലമായി കേരളം ചർച്ച ചെയ്യുന്ന ഒരു പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം. കേരളത്തിന് ഒട്ടനവധി വികസന സാധ്യതകൾ തുറന്നു കൊടുക്കുന്ന ഒരു പദ്ധതിയാണ്. പക്ഷെ മാറി മാറി കേരളം ഭരിച്ചിരുന്ന മുന്നണികൾ ഈ പദ്ധതി നടപ്പിലാക്കാൻ ഭയപ്പെട്ടിരുന്നു. ഒരു അന്താരാഷ്‌ട്ര തുറമുഖ നിർമ്മാണം ഏറ്റെടുക്കാൻ വേണ്ടത്ര ധൈര്യമില്ലായിരുന്നു നമ്മുടെ സർക്കാരുകൾക്ക് എന്നതാണ് സത്യം. ഭൂമിശാസ്ത്ര പരമായും മറ്റനേകം പ്രകൃതിദത്തമായ പ്രത്യേകതകൾ കാരണവും ഒരു തിരക്കേറിയ വാണിജ്യ തുറമുഖമായി മാറാൻ ധാരാളം അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്ന ഒരു പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖ പദ്ധതി. ഭാരതത്തിന്റെ തെക്കേയറ്റത്ത് ഇത്തരത്തിൽ ഒരു തുറമുഖം കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ ഒരു സ്വത്തായി മാറേണ്ട പദ്ധതി. കേരളം ഭരിച്ചിരുന്ന മുന്നണികൾ പലപ്പോഴും ഭയപ്പാടോടെയാണ് ഈ പദ്ധതിയെ സമീപിച്ചിരുന്നത്. ഇത്രയും വലിയ പദ്ധതി കേരളത്തിന് താങ്ങാനാകുമോ ? അനുബന്ധ വികസന പ്രവർത്തനങ്ങൾ നടത്താനാകുമോ? എതിർപ്പുകൾ ഉണ്ടാകുമോ കേന്ദ്രസർക്കാർ പിന്തുണക്കുമോ എന്നിങ്ങനെ. കൊളോമ്പോ തുറമുഖത്തെ ബാധിക്കൂമോ എന്ന ആശങ്ക ശ്രീലങ്കക്കുണ്ടായിരുന്നു. കൂടാതെ ചൈനയുടെ രാഷ്ട്രീയ താല്പര്യങ്ങൾ പദ്ധതിക്കെതിരായിരുന്നു. ഇവിടെയുള്ള ചില പരിസ്ഥിതി രാഷ്ട്രീയ സംഘടനകളെ സ്വാധീനിച്ച് വിഴിഞ്ഞം പദ്ധതിക്കെതിരെ ചൈന ചില നീക്കങ്ങൾ നടത്തിയതായി പറഞ്ഞു കേട്ടിട്ടുണ്ട്. 2014 വരെ കേന്ദ്ര സർക്കാരും പദ്ധതിയോട് ഒരു താൽപ്പര്യവും കാട്ടിയില്ല. എന്നാൽ 2014 നു ശേഷം കഥമാറി. നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷം രാജ്യത്ത് കാലങ്ങളായി മുടങ്ങിക്കിടക്കുന്ന തന്ത്രപ്രധാന പദ്ധതികളെ ക്കുറിച്ചാണ് അദ്ദേഹം ആദ്യം പരിശോധിച്ചത്. അപ്പോഴാണ് മോദിയുടെ കണ്ണുകൾ വിഴിഞ്ഞം പദ്ധതിയിൽ ഉടക്കിയത്. ആവശ്യമായ എല്ലാ ക്ലിയറൻസുകളും നൽകി തടസ്സങ്ങളെല്ലാം നീക്കി പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിന് എല്ലാ പ്രേരണയും നൽകിയതോടെയാണ് കേരളത്തിന്റെ വിശിഷ്യാ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ചിരകാല സ്വപ്നമായ വിഴിഞ്ഞം പദ്ധതിക്ക് ചിറക് മുളച്ചത്. തുറമുഖ വികസനത്തിൽ രാജ്യത്തുതന്നെ ഒന്നാമത്തെ പ്രമുഖ കമ്പനിയായ അദാനി ഗ്രൂപ്പ് തന്നെ വിഴിഞ്ഞം തുറമുഖം വികസിപ്പിക്കാനെത്തി. രാജ്യത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന അന്താരാഷ്‌ട്ര സംഘടനകളെയെല്ലാം മോദി പുറത്താക്കി. 2022 ൽ പൂർത്തിയാക്കേണ്ട പദ്ധതി പക്ഷെ പ്രതീക്ഷിച്ച വേഗതയിലല്ല ഇപ്പോൾ മുന്നോട്ട് പോകുന്നത് എന്നത് ആശങ്കാജനകമാണ്. കെ റെയിലിനു വേണ്ടി കാണിക്കുന്ന വാശി പിണറായി സർക്കാരിന് വിഴിഞ്ഞം പദ്ധതിയിൽ കാണാനില്ല എന്നത് ദുരൂഹമാണ്. സമയത്ത് പദ്ധതി പൂർത്തീകരിക്കാൻ ഇപ്പോൾ സർക്കാരിനാണ് താൽപര്യക്കുറവ്. ചില മത സംഘടനകൾ ഇപ്പോഴും എതിർപ്പുകളുമായി രംഗത്തുണ്ട്. ചൈനയുടെ താൽപ്പര്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണോ സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ എന്ന് ആരെങ്കിലും സംശയിച്ചാലും തെറ്റുപറയാനാവില്ല. ചൈനയെ വെട്ടിലാക്കി ചെന്നൈ നഗരത്തിലെ ഐ ഫോൺ നിർമിത ഫാക്ടറി ഉയരങ്ങളിലേക്ക് എത്തുകയാണ്. ഇതിന് തടയിടാൻ ചൈന ചെയ്തതോ. ഇന്ത്യയിലെ പ്രമുഖരെ കയ്യിൽ എടുത്തു കൊണ്ട് തൊഴിലാളി, ട്രേഡ് യൂണിയൻ പ്രശ്നങ്ങൾ ഉണ്ടാക്കി പ്ലാന്റ് അടച്ചു പൂട്ടിക്കാൻ ശ്രമിച്ചു. ഇന്ത്യൻ ഇന്റലിജൻസ് ചൈനയുടെ ഈ ചതി മുൻകൂട്ടി അറിഞ്ഞിരുന്നു. അതേ പാര വയ്പ്പ് നമ്മുടെ ഇവിടെയും നടന്നേക്കാം. വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആകാതെ ഇരിക്കുവാൻ നമ്മുടെ നാട്ടിലെ ചില പ്രമുഖരെയും, കപട പരിസ്ഥിതി വാദികളെയും കയ്യിലെടുക്കും. നുണ കഥകൾ പ്രചരിപ്പിക്കും. അവർ പോലും ചിലപ്പോൾ ഒരുപക്ഷേ അറിയില്ല ചതിക്കുന്നത് സ്വന്തം രാജ്യത്തെ ആണെന്ന്. ഇതിനെതിരെ സർക്കാരും പൊതു സമൂഹവും ജാഗ്രത പുലർത്തണം. മറ്റൊരു കാര്യം തുറമുഖത്തോടൊപ്പം അനുബന്ധ അടിസ്ഥാന സൗകര്യവും വികസിക്കണം.വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചു ലോജിസ്റ്റിക് പാർക്ക്, ബാലരാമപുരം – വിഴിഞ്ഞം റെയിൽ കണക്റ്റിവിറ്റി, ഔട്ടർ റിങ് റോഡ്‌, വിമാനത്താവള വികസനം, വ്യക്തമായ തിരുവനന്തപുരം നഗരസഭ മാസ്റ്റർ പ്ലാൻ, ദേശീയ പാത വികസനം ഇവ ഒന്നും ഇല്ലാതെ ഈ തുറമുഖ പദ്ധതി യാഥാർഥ്യം ആയിട്ട് കാര്യമില്ല. തുറമുഖത്തുനിന്നും പുറത്തേക്കും തിരിച്ചും പോകുന്ന ട്രെയ്‌ലർ വാഹനങ്ങൾ സുഗമമായി കടന്നുപോകാനുള്ള സൗകര്യങ്ങളെങ്കിലും നാം ഒരുക്കേണ്ടതല്ലേ. പക്ഷെ നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ ഇതിലേതെങ്കിലും ഒരു പദ്ധതിയെക്കുറിച്ച് അധികൃതർ ചർച്ച ചെയ്യുന്നുണ്ടോ? അതിനർത്ഥം തുറമുഖം യാഥാർഥ്യമാക്കാൻ സർക്കാരിന് താല്പര്യമില്ല എന്ന് തന്നെയല്ലേ ?

Related Articles

Latest Articles