തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സി.പി.എമ്മിനുള്ളിൽ ഭിന്നത രൂക്ഷം. കരാർ കൈമാറ്റത്തിൽ വൻ അഴിമതിയുണ്ടെന്ന പാർട്ടിയുടെ ഔദ്യോഗിക നിലപാട് തള്ളിക്കൊണ്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ രംഗത്ത് വന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ അഴിമതി ആരോപണം ഉന്നയിക്കാൻ താനില്ലെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ അതിനുള്ള കാര്യങ്ങൾ വിശദീകരിക്കട്ടെയെന്നും മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇ.പി. ജയരാജൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയനും കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പാർട്ടി നിലപാടിൽ നിന്നും വേറിട്ട അഭിപ്രായവുമായി ഇ.പി. ജയരാജൻ രംഗത്തെത്തിയത് വലിയ ചർച്ചയായിട്ടുണ്ട്.
അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ശക്തമായ മറുപടിയുമായി കെ.കെ. രാഗേഷ് രംഗത്തെത്തി. ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും വലിയ താൽപര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണ് തങ്ങൾ കാണിക്കുന്നതെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി. ചോദ്യങ്ങൾ ഉയരുമ്പോൾ അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകും. ചോദ്യം ചോദിക്കുമ്പോൾ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കേണ്ടതില്ലെന്നും ചോദ്യം ഉയരുമ്പോഴുള്ള അസ്വസ്ഥത കണ്ടാൽ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചോദ്യത്തിനാണ് രാഗേഷ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
നേരത്തെ, വാർത്താസമ്മേളനത്തിൽ എൽ.ഡി.എഫിനെ കടുത്ത ഭാഷയിൽ കടന്നാക്രമിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സംസാരിച്ചത്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടക്കില്ലെന്നും കൈമാറ്റത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അദാനിയും എം.എസ്.സി കമ്പനിയുമായി ഒരു വർഷമായി നടത്തിയ ചർച്ചകൾ 2026 ജൂൺ അഞ്ചിന് ദേശാഭിമാനി പത്രം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും, ഈ വാർത്തയുടെ ഉറവിടം എൽ.ഡി.എഫ് സർക്കാർ ആയിരുന്നുവെന്നും പഴയ പത്രവാർത്ത ഉയർത്തിക്കൊണ്ട് മുഖ്യമന്ത്രി ആരോപിച്ചു.

