Friday, May 3, 2024
spot_img

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി വ്ളാഡിമിർ സെലൻസ്കി; ജിദ്ദയിൽ നിന്നെത്തിയത് ഫ്രഞ്ച് സർക്കാരിന്റെ വിമാനത്തിൽ

ടോക്കിയോ : ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി–7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിവരം. ഇന്ന് വൈകുന്നേരമോ നാളെയോ ആകും കൂടിക്കാഴ്ച. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 2022 ഫെബ്രുവരി 24 ന് റഷ്യ – യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചകള്‍ നടത്തുമെന്നാണ് വിവരം.

ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രഞ്ച് സർക്കാരിന്റെ വിമാനത്തിലാണ് യുക്രെയ്ൻ പ്രസിഡന്റ് ഹിരോഷിമയിൽ എത്തിയത്. ജിദ്ദയിൽ അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സെലൻസ്കി ഇന്നലെ എത്തിയിരുന്നു.

അതേസമയം യുദ്ധത്തിൽ ഇന്ത്യ റഷ്യയോട് ചായ്‌വ് പ്രകടിപ്പിക്കുന്നുവെന്ന പാശ്ചാത്യ ലോകത്തിന്റെ ആരോപണങ്ങളോടും മോദി പ്രതികരിച്ചു. ജപ്പാൻ മാദ്ധ്യമമായ യോമിയുറി ഷിംബുന് നൽകിയ അഭിമുഖത്തിൽ ‘‘പ്രതിസന്ധിയും തർക്കങ്ങളും ഉണ്ടാകുമ്പോൾ ചർച്ചകളും നയതന്ത്രവും കൊണ്ടുമാത്രമേ പരിഹാരമുണ്ടാക്കാനാകൂയെന്ന നിലപാടാണ് ഇന്ത്യ എപ്പോഴും സ്വീകരിക്കുന്നത്. അവശ്യസാധനങ്ങളുടെ വില ഉയരുന്നത് ജനങ്ങളെ ബാധിക്കും അതിനാണു പ്രഥമ പരിഗണന’’ – എന്നദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles