Sunday, May 19, 2024
spot_img

വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ മരണം; മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോർട്ടം

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ മരണത്തിൽ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. റിഫയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പുറത്ത് വന്നതോടെയാണ് മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോർട്ടം നടത്തുന്നത്. റിഫയുടെ വീടിന് സമീപത്തെ കാക്കൂര്‍ പാവണ്ടൂര്‍ ജുമ മസ്ജിദ് ഖബർസ്ഥാനിൽ അടക്കിയ മൃതദേഹം രാവിലെ 10 മണിയോടെ പുറത്തെടുക്കും. തുടർന്ന് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും ഫോറന്‍സിക് സർജന്‍മാർ പോസ്റ്റ്മോർട്ടവും ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും.

റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭർത്താവിനെതിരെ കാക്കൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസന്വേഷത്തിന്‍റെ ഭാഗമായാണ് ഈ നടപടി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താനുള്ള അനുമതി വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്.

റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കൾ നേരത്തെ തന്നെ പോലീസിനോട് പരാതിപ്പെട്ടിരുന്നു. റിഫയുടെ അമ്മ നല്‍കിയ പരാതിയില്‍ ഭർത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചുമത്തി പോലീസ് കേസും എടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനായി അനുമതി വാങ്ങിയത്.

Related Articles

Latest Articles