Friday, May 10, 2024
spot_img

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നുവെന്ന് വി. മുരളീധരന്‍

എറണാകുളം: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടങ്ങുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ചര്‍ച്ച തുടരുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കപ്പലില്‍നിന്ന് മോചിതരായ ഇന്ത്യക്കാരെ എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

ഔപചാരികമായി ജിബ്രാള്‍ട്ടര്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുള്ള കപ്പലിലെ ജീവനക്കാര്‍ക്കെതിരായിട്ടുള്ള എല്ലാ കുറ്റങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാര്‍ ഇപ്പോള്‍ സ്വതന്ത്രരാണെന്നും അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ഏത് സമയത്തും തിരിച്ചുവരാമെന്നും അതിനുള്ള നടപടി ക്രമങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളതെന്നും വി മുരളീധരന്‍ പറഞ്ഞു.

ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസം 4നാണ് ഗ്രേസ്-1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. കപ്പല്‍ 30 ദിവസം തടങ്കലില്‍ വെക്കാനും ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടു.

ഇതിന് പ്രതികാരമെന്ന നിലയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടന്‍റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തത്. ഇരുകപ്പലുകളിലുമായി 42 ഇന്ത്യക്കാരാണ് ഉള്ളത്. ഇവരില്‍ ഏഴ് പേര്‍ മലയാളികളാണ്.

ബ്രിട്ടന്‍ പിടിച്ചെടുത്ത ഗ്രേസ്-1ല്‍ മൂന്നു മലയാളികളാണുള്ളത്. മലപ്പുറം, കാസര്‍കോട്, ഗുരുവായൂര്‍ സ്വദേശികളാണ് ഇവര്‍. ഇറാന്‍ പിടിച്ചെടുത്ത സ്റ്റെനാ ഇംപറോയിലെ ജീവനക്കാരില്‍ നാല് പേര്‍ മലയാളികളാണ്.

Related Articles

Latest Articles