Sunday, May 19, 2024
spot_img

വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം: ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; പൊലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ചകള്‍ പരിശോധിക്കും

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മുന്‍ ജില്ലാ ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക. കേസില്‍ തെളിവ് ശേഖരിക്കുന്നതിലും പൊലീസ് അന്വേഷണത്തിലുമുണ്ടായ പ്രശ്‌നങ്ങളും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയുമടക്കം പരിശോധിക്കും.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് അന്വേഷിക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ ശുപാര്‍ശ ചെയ്യും, പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ അന്വേഷണകാലയളവടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.

വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ വീഴ്ച വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ലത ജയരാജനെ സര്‍ക്കാര്‍ മാറ്റിയിരുന്നു. പകരം പി സുബ്രഹ്മണ്യനെ പാലക്കാട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാനാണ് പുതിയ പ്രോസിക്യൂട്ടര്‍.

കേസില്‍ പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട നാല് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയക്കും. കേസ് അന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടിയിലും ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും വേണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

Related Articles

Latest Articles