നായകനൊപ്പം തുല്യ പ്രാധാന്യമുള്ള ചന്ദ്ര എന്ന കരുത്തുറ്റ കഥാപാത്രത്തിലൂടെ ശ്രദ്ധേയ പ്രകടനവുമായി നടി വാമിഖ ഗബ്ബി. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമായി വാമിഖ മാറിയതോടെ ‘ഡിസി’ താരത്തിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രമായി മാറുകയാണ്.
അതിജീവനത്തിന്റെയും പ്രതികാരത്തിന്റെയും തീവ്രത സൂക്ഷ്മമായ ഭാവപ്രകടനങ്ങളിലൂടെയും കണ്ണുകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ വാമിഖയ്ക്ക് കഴിഞ്ഞു. സിനിമ കണ്ടിറങ്ങിയ ശേഷവും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രമായാണ് ചന്ദ്ര മാറുന്നത്.
സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നെത്തിയ വാമിഖ 13-ാം വയസ്സിലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ‘ജബ് വി മെറ്റ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടർന്ന് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘ഗോദ’യിലൂടെ മലയാളത്തിലും ശ്രദ്ധേയ സാന്നിധ്യമായി. പൃഥ്വിരാജ് നായകനായ ‘9’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.
കരിയറിന്റെ തുടക്കത്തിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടെങ്കിലും അതൊന്നും മുന്നോട്ടുള്ള യാത്രയ്ക്ക് തടസമാകാൻ വാമിഖ അനുവദിച്ചില്ല. 2023ൽ പുറത്തിറങ്ങിയ ‘ജൂബിലി’ എന്ന വെബ് സീരീസാണ് താരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായത്.
ഇതിന് പിന്നാലെയാണ് ‘ഡിസി’യിലൂടെ വാമിഖ വീണ്ടും ശ്രദ്ധ നേടുന്നത്. ശക്തമായ കഥാപാത്രവും ശ്രദ്ധേയമായ പ്രകടനവും കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കൂടുതൽ ഉറപ്പിക്കുകയാണ് താരം.

