Friday, May 17, 2024
spot_img

സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്; ഇന്ത്യ– പാക് പോരാട്ടം മാറ്റി വയ്ക്കുമോ?; വൻ തുകയ്ക്ക് ഹോട്ടൽ മുറികളും വിമാനടിക്കറ്റുകളും ബുക്ക് ചെയ്ത ആരാധകർ ആശങ്കയിൽ

മുംബൈ : ഏകദിന ലോകകപ്പിൽ ഒക്ടോബർ 15 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് നടത്താനിരുന്ന ഗ്ലാമർ പോരാട്ടമായ ഇന്ത്യ– പാക് മത്സരം മാറ്റിവച്ചേക്കും. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസമായതിനാൽ കളി മറ്റൊരു ദിവസം നടത്തുന്നതാണെന്ന് ഉചിതമെന്ന് ബിസിസിഐയ്ക്ക് സുരക്ഷാ ഏജൻസികള്‍ നിർദേശം നൽകി എന്നാണ് ലഭിക്കുന്ന വിവരം. അതെ സമയം റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ ആശങ്കയിലാണ് ആരാധകർ. മത്സരം കാണുന്നതിനായി നിരവധിയാളുകൾ ഒക്ടോബർ 15ലേക്ക് ഹോട്ടൽ മുറികളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്നു. ഒരു ലക്ഷം രൂപ വരെ മുടക്കിയാണ് ആളുകൾ അഹമ്മദാബാദിൽ ഹോട്ടൽ മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്. ഹോട്ടൽ മുറികൾ കിട്ടാതായതോടെ ബോഡി ചെക്കപ്പ് എന്ന പേരിൽ ആശുപത്രി മുറികൾ പോലും ആരാധകർ ബുക്ക് ചെയ്തത് വലിയ വാർത്തയായിരുന്നു. ഐസിസി തീരുമാനം വന്നാൽ വിമാന ടിക്കറ്റുകളും ഹോട്ടൽ മുറികളും ആരാധകർക്കു റദ്ദാക്കേണ്ടിവരും.

‘‘കളി നടത്തുന്നതിന് ലഭ്യമായ സാധ്യതകൾ പരിശോധിക്കുകയാണ്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. നവരാത്രി ആഘോഷങ്ങളുടെ തുടക്കത്തിൽ ആയിരക്കണക്കിന് ആരാധകർ അഹമ്മദാബാദിലേക്ക് ഇരച്ചെത്തുന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടത്താതിരിക്കുന്നതാണു നല്ലതെന്ന് സുരക്ഷാ ഏജൻസികൾ ഞങ്ങളോടു നിർദേശിച്ചിട്ടുണ്ട്.’’– ബിസിസിഐ പ്രതിനിധി പ്രമുഖ ദേശീയ മാദ്ധ്യമത്തോടു പ്രതികരിച്ചു.

ലോകകപ്പിലെ നാല് മത്സരങ്ങളാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്തുന്നത്. ഒരു ലക്ഷം ആരാധകരെ ഉൾക്കൊള്ളാൻ സാധിക്കുന്ന സ്റ്റേഡിയം ന്യൂസീലന്‍ഡ്– ഇംഗ്ലണ്ട്, ഇന്ത്യ–പാകിസ്ഥാൻ , ഇംഗ്ലണ്ട്– ഓസ്‍ട്രേലിയ മത്സരങ്ങൾക്കു പറമെ ഫൈനൽ മത്സരത്തിനും വേദിയാകും.

Related Articles

Latest Articles