Tuesday, May 7, 2024
spot_img

തോരാമഴ ! കരകവിഞ്ഞൊഴുകി തെറ്റിയാർ തോട് !കഴക്കൂട്ടം സബ്സ്റ്റേഷനില്‍ വെള്ളം കയറുന്നു; തിരുവനന്തപുരത്തെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : ഇന്നലെ രാത്രി മുതൽ തോരാതെ തുടരുന്ന കനത്ത മഴയെ തുടർന്ന് കഴക്കൂട്ടം 110 കെ.വി സബ്സ്റ്റേഷനില്‍ വെള്ളം കയറി. ഇതിനെത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും കെഎസ്ഇബി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

സബ്സ്റ്റേഷന് സമീപം ഒഴുകുന്ന തെറ്റിയാർ തോട്ടിൽ നിന്നാണ് സബ്സ്റ്റേഷനിലേക്ക് വെള്ളം കയറിയത്. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനിൽ നിന്നുമുള്ള മൂന്ന് ഫീഡറുകള്‍ ഓഫ് ചെയ്തു. കുഴിവിള , യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി. ഫീഡറുകളാണ് സ്വിച്ച് ഓഫ് ചെയ്തത്. ഇതിനെത്തുടർന്ന് മേൽപ്പറഞ്ഞ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്ഷനുകളുടെ പരിധിയിൽ വരുന്ന ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ മറ്റു മാർഗ്ഗങ്ങളിലൂടെ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവയ്ക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതര്‍ പറയുന്നു. സബ്‍സ്റ്റേഷന്‍ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിയാല്‍ കഴക്കുട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളിലാകെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങും. കൂടാതെ കഴക്കൂട്ടം സബ്സ്റ്റേഷനിൽ നിന്ന് വൈദ്യുതി എത്തുന്ന ടേൾസ്, മുട്ടത്തറ, വേളി എന്നീ സബ്സ്റ്റേഷനുകളുടെ പ്രവർത്തനവും പൂർണ്ണമായി തടസ്സപ്പെടും

Related Articles

Latest Articles